പൂനെ: പിറന്നാൾ ആഘോഷങ്ങൾക്കായി ദുബായിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ച ഭർത്താവിനെ യുവതി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൂനെ വാന്‍വാഡിയിലാണ് സംഭവം നടന്നത്. കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് ഭാര്യയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം.
ആറ് വര്‍ഷം മുന്‍പ് ആയിരുന്നു ദമ്പതികളുടെ വിവാഹം. രേണുകയുടെ ജന്മദിനം ആഘോഷിക്കാന്‍ ദുബൈയില്‍ കൊണ്ടുപോകാതിരുന്നതും വിവാഹ വാര്‍ഷികത്തിന് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാതിരുന്നതും ഇവര്‍ക്കിടയില്‍ വലിയ വഴക്കിന് കാരണമായി. സെപ്തംബർ 18 ന് ദുബായിൽ വെച്ച് തന്റെ ജന്മദിനം ആഘോഷിക്കാൻ രേണുക ആഗ്രഹിച്ചിരുന്നുവെങ്കിലും ഭർത്താവ് നിഖിൽ ഖന്നയ്ക്ക് ഈ ആഗ്രഹം നിറവേറ്റാനായില്ല.
ഡിസംബറിൽ ഡൽഹിയിൽ നടക്കുന്ന തന്റെ മരുമകളുടെ (സഹോദരന്റെ മകളുടെ) ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ അവൾ ആഗ്രഹിച്ചു. പക്ഷേ നിഖിൽ അനുകൂലമായ പ്രതികരണം നൽകാത്തത് അവളെ കൂടുതൽ രോഷാകുലയാക്കി. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രേണുക നിഖിലിന്റെ മൂക്കിന് ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ പല്ലുകളും പൊട്ടിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നൊഴുകി നിഖിൽ അബോധാവസ്ഥയിലായി. അവൾ പരിഭ്രാന്തിയിൽ അവനെ ഉണർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സംഭവം നടക്കുമ്പോൾ യുവാവിന്റെ മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. ഭർത്താവിന്റെ അച്ഛനെ യുവതി ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം വീട്ടിലേക്ക് ഓടുന്നതിനിടെ, ആശുപത്രിയിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. ഉടൻ തന്നെ ആംബുലൻസ് എത്തിച്ചു. രേണുകയും അമ്മായിയപ്പൻ തന്നെ വിവരം പോലീസിനെയും ധരിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
രേണുകയ്‌ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 (കൊലപാതകത്തിനുള്ള ശിക്ഷ) പ്രകാരം യുവതിക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് കൂടുതൽ അന്വേഷണത്തിനായാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിൽ പോകണമെന്ന തന്റെ ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നൽകാത്തതിൽ നിഖിലിനോട് രേണുകയ്ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു എന്നും പോലീസ് പറയുന്നു.
എന്നിരുന്നാലും, ആക്രമണം കരുതിക്കൂട്ടിയുള്ളതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. ‘രേണുക മദ്യലഹരിയിലായിരുന്നെന്ന് ഞങ്ങൾ സംശയിക്കുന്നു. മർദ്ദനം കഠിനമായ പഞ്ച് അല്ലെങ്കിൽ മൂർച്ചയുള്ള ഒരു വസ്തുവിന്റെ ആക്രമണം ആകാം. ശ്വാസകോശത്തിൽ രക്തം അടിഞ്ഞുകൂടുകയും ശ്വസനം തടസ്സപ്പെടുകയും ചെയ്തിരിക്കാം. ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ്’, വാൻവാഡി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ സഞ്ജയ് പതാംഗെ അറിയിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രേണുക സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതിനാൽ സംഭവങ്ങളുടെ വിശദവിവരം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാനാ പേട്ടിലെ ഒരു സ്കൂൾ ഉടമ കൂടിയായ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റാണ് കൊല്ലപ്പെട്ട യുവാവ്. 2017 നവംബറിലാണ് തന്റെ മകൻ രേണുകയെ വിവാഹം കഴിച്ചതെന്ന് പുഷ്പരാജ് ഖന്ന പറഞ്ഞു. ഇത് പ്രണയ വിവാഹമായിരുന്നു, എന്നാൽ വിവാഹത്തിന് തൊട്ടുപിന്നാലെ ഇരുവരും വഴക്കിടാറുണ്ടായിരുന്നു. ‘ഞങ്ങൾ അവരെ ഉപദേശിക്കാറുണ്ടായിരുന്നു, പക്ഷേ രേണുകയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. വീട്ടുജോലിക്കാരുമായി അവൾ വഴക്കിടാറുണ്ടായിരുന്നു. നവംബർ അഞ്ചിന് വാർഷിക ദിനത്തിലും ഇവർ തമ്മിൽ വഴക്കുണ്ടായി. അന്ന് ഞങ്ങൾക്ക് അവരെ സമാധാനിപ്പിക്കാൻ കഴിഞ്ഞു,’ പുഷ്പരാജ് പരാതിയിൽ പറഞ്ഞു.