‘അവളെ ഞാൻ കൊന്നു, ഞാൻ കൊന്നു’: പ്രതിഭയെ കൊലപ്പെടുത്തിയ ശേഷം അലറി വിളിച്ച് കിഷോർ, മകളുടെ മൃതദേഹം കണ്ട് ഞെട്ടി അമ്മ
ചാമരാജനഗർ: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്പ് യുവതി ആണ്കുഞ്ഞിന് ജന്മം നല്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാള് കൃത്യം നിര്വഹിച്ചത്. 11 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരച്ചിൽ പോലും കൃത്യം ചെയ്യുന്നതിൽ നിന്നും കിഷോറിനെ പിന്തിരിപ്പിച്ചില്ല. 150 തവണ കിഷോർ പ്രതിഭയെ വിളിച്ചതായി പോലീസ് പറയുന്നു.
230 കിലോമീറ്റർ ദൂരം സഞ്ചരിച്ച് പ്രതിഭയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയാണ് കിഷോർ കൃത്യം നിർവഹിച്ചത്. കൊലപാതകം നടത്തുന്നതിന് മുമ്പ് ഇയാൾ കീടനാശിനി കഴിച്ചിരുന്നു. ശേഷമാണ് പ്രതിഭയുടെ അടുത്തെത്തിയത്. 32 കാരനായ കോൺസ്റ്റബിളായ കിഷോർ ഡി, കർണാടകയിലെ ചാമരാജനഗർ ടൗണിൽ ആണ് ജോലി ചെയ്യുന്നത്.
2022 നവംബർ 13നായിരുന്നു കിഷോറും പ്രതിഭയും വിവാഹിതരായത്. പ്രതിഭയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പലപ്പോഴും ഇയാൾ സംശയിച്ചിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ ഇയാൾ സംശയരോഗത്തിന് അടിമയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പലപ്പോഴും വഴക്കുണ്ടായിട്ടുമുണ്ട്. സംശയം തോന്നിയ കിഷോർ, അവളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും കോൾ റെക്കോർഡുകളും പലപ്പോഴും പരിശോധിച്ചിരുന്നു. അവളുമായി ആശയവിനിമയം നടത്തിയ ഓരോ വ്യക്തിയെക്കുറിച്ചും അയാൾ അന്വേഷിച്ചു. കോളേജിൽ പഠിച്ചിരുന്ന ആൺസുഹൃത്തുക്കളുമായി പ്രതിഭയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് കിഷോർ പ്രതിഭയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭാര്യ പ്രസവിച്ച് കിടക്കുകയാണെന്ന് പോലും ഇയാൾ നോക്കിയില്ല. അസഭ്യവർഷം നടത്തിയതിനെ തുടർന്ന് പ്രതിഭയുടെ അമ്മയാണ് ഫോൺ കട്ട് ചെയ്തത്. താൻ വിഷമത്തിലായാൽ നവജാത ശിശുവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കിഷോറിന്റെ കോളുകൾക്ക് മറുപടി നൽകരുതെന്നും അവർ പ്രതിഭയെ ഉപദേശിച്ചു. തുടർന്ന് കിഷോർ വിളിച്ചപ്പോൾ പ്രതിഭ കോൾ എടുത്തില്ല.
തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് കിഷോർ പ്രതിബയുടെ മാതാപിതാക്കളുടെ വീട്ടിൽ എത്തിയതെന്നാണ് പോലീസ് റിപ്പോർട്ട്. കിഷോർ ആദ്യം കീടനാശിനി കഴിക്കുകയും തുടർന്ന് പ്രതിഭ അവരുടെ നവജാതശിശുവിനൊപ്പമുള്ള മുറിയുടെ വാതിൽ പൂട്ടിയതായും എഫ്ഐആറിൽ പറയുന്നു. ദുപ്പട്ട ഉപയോഗിച്ച് പ്രതിഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം പ്രതിഭയുടെ അമ്മ ടെറസിൽ തുണി വിരിക്കാൻ പോയതായിരുന്നു. താഴെ മുറിയിൽ എത്തിയപ്പോൾ വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. സംശയം തോന്നി വാതിലിൽ മുട്ടിയെങ്കിലും കുറച്ച് സമയത്തേക്ക് പ്രതികരണമുണ്ടായില്ല.
ഏകദേശം 15 മിനിറ്റിനു ശേഷം കിഷോർ പുറത്തിറങ്ങി. ‘ഞാൻ അവളെ കൊന്നു, ഞാൻ അവളെ കൊന്നു’ എന്ന് അലറി വിളിച്ച് പറഞ്ഞ ശേഷം പിറത്തേക്കിറങ്ങി ഓടി. ഞെട്ടലോടെ അമ്മ മുറിയിലേക്ക് ഓടിക്കയറിയപ്പോൾ ജീവനറ്റ നിലയിൽ ആയിരുന്നു പ്രതിഭ കിടന്നിരുന്നത്. കട്ടിലിൽ 11 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കരയുന്നുണ്ടായിരുന്നു. അമ്മയെ അച്ഛൻ കൊലപ്പെടുത്തിയത് പോലും അറിയാതെ കിടന്ന് കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ പോലും പ്രതിഭയുടെ കുടുംബത്തിലുള്ളവർക്ക് മാനസികമായി കഴയുന്നില്ലെന്നാണ് റിപ്പോർട്ട്.
വിഷം കഴിച്ചതു മൂലം അവശനായ പ്രതി പിന്നീട് കോലാറിലെ സ്വകാര്യ ആശുപത്രിയിലെത്തി വിഷം കഴിച്ചെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതിനകം ഹൊസ്കോട്ടെ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം പൊലീസ് പ്രതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വിട്ടാലുടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.