കിടപ്പുരോഗിയായ പിതാവിനെ അമ്മയുടെ മുന്നില്‍വച്ച്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി മകൻ, അറസ്റ്റ്


കൊല്ലം: അമ്മയുടെ മുന്നില്‍വച്ച്‌ കിടപ്പുരോഗിയായ പിതാവിനെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി മകൻ. കൊല്ലം പരവൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം.

കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ എൺപത്തിയഞ്ചുകാരനായ പി.ശ്രീനിവാസനെയാണ് മകൻ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ ഓട്ടോഡ്രൈവറായ എസ്.അനില്‍കുമാര്‍ പിടിയിലായി.

READ ALSO: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം

വര്‍ഷങ്ങളായി കിടപ്പിലാണ് ശ്രീനിവാസൻ. അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ എത്തിയ അനില്‍കുമാര്‍ തന്റെ മകന് വിദേശത്ത് പഠിക്കുവാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നല്‍കാൻ 1 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രകോപിതനായ അനില്‍കുമാര്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ശ്രീനിവാസന്റെ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. അമ്മ വസുമതിയുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം.

സംഭവം കണ്ട ഹോം നഴ്സ് നിലവിളിച്ചതോടെ അനില്‍കുമാര്‍ പുറത്തേക്ക് ഓടി. സംഭവമറിഞ്ഞ അയല്‍ക്കാരാണ് പരവൂര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്.