റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന വായ്പയും വിദേശവിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: യുവതി അറസ്റ്റിൽ


പാലക്കാട്: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന വായ്പയും വിദേശവിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. നിലമ്പൂർ അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബിലയെയാണ് (28) നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്.

റിസർവ് ബാങ്കിൽ ജോലിയുണ്ടെന്നാണ് പ്രതി ബന്ധുക്കളേയും നാട്ടുകാരേയും വിശ്വസിപ്പിച്ചിരുന്നത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യറായി ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടിയെടുത്ത പരാതിയിൽ നേരത്തെ ഷിബിലയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. റിസർവ് ബാങ്കിൽ നിന്ന് ബിസിനസ് ആവശ്യത്തിന് വൻതുക വായ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് നിലമ്പൂർ സ്വദേശിയായ വ്യവസായിയിൽ നിന്ന് പല തവണയായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്, സംസ്ഥാന വ്യാപക പ്രതിഷേധം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ ഇയാൾ, തിരുവനന്തപുരത്തെ റിസർവ് ബാങ്ക് ഓഫിസിൽ അന്വേഷിച്ചപ്പോഴാണ് ഈ പേരിലൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നറിഞ്ഞത്. തുടർന്ന് വ്യവസായി നൽകിയ പരാതിയിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പൊലീസും ചേർന്ന് തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.