നാല് വയസുകാരനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് വിലങ്ങുതടിയായത് ഗോവ അതിര്‍ത്തിയിലെ അപകടവും ട്രാഫിക് ബ്ലോക്കും


ബംഗളൂരു: നാലുവയസ്സുകാരനായ മകനെ കൊന്നകേസില്‍ ബംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ് സംരംഭക കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എഐ കമ്പനി സിഇഒയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയായ സൂചന സേത് എന്ന 39 കാരിയാണ് പോലീസ് പിടിയിലായത്. മകനെ അതിക്രൂരമായി കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ പ്ലാൻ. എന്നാൽ യാത്രാമധ്യേ യുവതി പിടിയിലാവുകയായിരുന്നു. ഗോവ അതിർത്തിയിലുണ്ടായ അപകടവും അതിനെ തുടർന്ന് സ്ഥലത്തെ ട്രാഫിക് ബ്ലോക്കുമാണ് യുവതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.

ഗോവയില്‍ നിന്നും കടക്കുന്നതിനിടെയാണ് ഗോവ അതിര്‍ത്തിമേഖലയായ കൊര്‍ളഘട്ടില്‍ കടുത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടായി. ഏകദേശം നാല് മണിക്കൂറോളം കുഞ്ഞുമായി സൂചന ബ്ലോക്കിൽ പെട്ടുപോയി. അവര്‍ ബംഗളൂരുവിലെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താന്‍ പൊലീസിനു സാധിക്കുമായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ഗോവ,കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന മേഖലയാണ് കൊര്‍ളഘട്ട്. ടാക്സിയില്‍ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ് ചിത്രദുര്‍ഗയില്‍ വച്ച് പൊലീസ് പിടികൂടിയത്.

ഗോവയിലെ സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൂചന തന്റെ മകനായ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയത്. വെങ്കിട്ടരാമന്‍ പിആര്‍ ആണ് സൂചനയുടെ ഭര്‍ത്താവ്. ഡാറ്റ സയന്റിസ്റ്റുകൂടിയായ ഇദ്ദേഹത്തിന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് ബിരുദവുമുണ്ട്. നിലവില്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് മകനെ കൊലപ്പെടുത്തിയത്. വിവാഹമോചന കേസ് നടക്കുന്നതിനിടെ 2022 ആഗസ്റ്റ് 8ന് സൂചന ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതിയും നല്‍കിയിരുന്നു. മകന്റെ കസ്റ്റഡിയ്ക്കായുള്ള പോരാട്ടത്തിലായിരുന്നു സൂചനയും ഭര്‍ത്താവും.