കാസര്‍ഗോഡ്: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ച സംഭവത്തിൽ പ്രതിയെ കുടുക്കി ഇരയുടെ മരണമൊഴി. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നൽകി.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട്, താനുമായി ഉള്ള ബന്ധം അവസാനിപ്പിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണിയുണ്ടായിരുന്നു. സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ അൻവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. പ്രതിക്കെതിരെ പെൺകുട്ടി മരണമൊഴിയും നൽകിയിരുന്നു. പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് അൻവറിനെയും സുഹൃത്ത് സാഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ഒരു സുഹൃത്തിനെ കൂടി പിടികൂടാനുണ്ട്. പെൺകുട്ടി വിഷം കഴിച്ച വിവരമറിഞ്ഞ് നാടുവിട്ട അൻവറിനെ ബെംഗളൂരുവിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴിയാണ് അൻവർ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയമായി. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. സമൂഹമാധ്യമങ്ങളിലും അൻവറിനെ ബ്ലോക് ചെയ്തു. ഇതോടെ, അൻവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഫോട്ടോ പ്രചരിപ്പിക്കുമെന്നും പിതാവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തും ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് ദിവസം പെണ്‍കുട്ടി ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ യുവാവിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ബദിയടുക്ക പൊലീസിന് പരാതി നല്‍കിയിരുന്നു.