റായ്പൂർ: പ്രായപൂർത്തിയാകാത്ത പെണ്‍മക്കളെ പിന്തുടർന്ന് ഉപദ്രവിച്ചു. യുവാവിനെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും. മരത്തില്‍ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ സഞ്ജയ് എന്ന 35 കാരന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ച് പോലീസ്. ഛത്തീസ്ഗഢിലെ പ്രതാപ് പൂരിലാണ് സംഭവം.
സഞ്ജയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.
read also: നവകേരള ബസ്സിന്റെ ഡോർ കെട്ടിവച്ച് യാത്ര: വിശദീകരണവുമായി കെഎസ്‌ആർടിസി
സഞ്ജയ് സ്‌ഥിരം മദ്യപാനിയാണെന്നും പ്രായപൂർത്തിയാകാത്ത തന്റെ പെണ്‍മക്കളെ ഇയാള്‍ പലപ്പോഴും ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും ‘അമ്മ വെളിപ്പെടുത്തി. സംഭവദിവസമായ മെയ് 1 ന് രാത്രി പെണ്‍കുട്ടികളിലൊരാളെ ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടിയുടെ നിലവിളി കേട്ടാണ് ഇവർ ഉണർന്നത്. തുടർന്ന് അമ്മയും സഹോദരനും ചേർന്ന് ഇയാളെ മർദ്ദിച്ചു കൊലപ്പെടുത്തി.
ആദ്യം മൃതദേഹം ടോയ്‌ലറ്റില്‍ ഒളിപ്പിക്കാൻ നോക്കിയെങ്കിലും ഇതിന് കഴിയാതെ വന്നതോടെ കയറ് കെട്ടി മരത്തില്‍ തൂക്കുകയായിരുന്നുവെന്ന് അമ്മയും സഹോദരനും പറഞ്ഞു. അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ജുവനൈല്‍ ഹോമുകളിലേക്ക് മാറ്റി.