രോഗം മാറാൻ യുവതിയുടെ തലയില്‍ 18 സൂചികള്‍ കുത്തി: മന്ത്രവാദി അറസ്റ്റില്‍


ഒഡീഷ : രോഗം മാറ്റുന്നതിന്റെ പേരില്‍ യുവതിയുടെ തലയില്‍ നിരവധി സൂചികള്‍ കുത്തി മന്ത്രവാദി. തുടർന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷയിലെ ബലംഗീർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി യുവതിക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ചികിത്സയിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന് പറഞ്ഞാണ് ഇവർ മന്ത്രവാദിയുടെ അടുത്തെത്തിയത്. ചികിത്സാവിധി എന്ന പേരില്‍ മന്ത്രവാദിയായ സന്തോഷ് റാണ യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷം യുവതിയെ പുറത്ത് കൊണ്ടുവന്നു. പിന്നീട്, യുവതി തുടർച്ചയായി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയിൽ സൂചികൾ കണ്ടത്. മകളുടെ തലയില്‍ നിന്ന് 8 സൂചികള്‍ നീക്കം ചെയ്തതായി യുവതിയുടെ പിതാവ് പറഞ്ഞു.

read also: കനത്ത മഴ: വയനാട് ജില്ലയില്‍ നാളെയും അവധി

തുടർന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിടി സ്കാനിങ്ങിന് വിധേയയാക്കിയപ്പോള്‍ തലയില്‍ 10 സൂചികള്‍ കൂടി കുത്തിയതായി കണ്ടെത്തി. മന്ത്രവാദത്തിനിടെ മകള്‍ ബോധരഹിതയായി വീണുവെന്നും അതിനാല്‍ സൂചി കുത്തിയതിനെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.