കൊച്ചി: മോഹന്‍ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച സിനിമയുടെ ചിത്രീകരണം അവസാനിച്ച സമയത്ത്, ലൊക്കേഷനില്‍ നിന്ന് പുറത്തെത്തിയ ഒരു ചിത്രത്തില്‍ പ്രണവും ഉണ്ടായിരുന്നു. ഇപ്പോഴിതാ ബറോസ് ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് രംഗത്തെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ടികെ രാജീവ് കുമാറിനെയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയെയും ദൃശ്യങ്ങളിൽ കാണാം.
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ബാറോസ്. ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍’ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.