കൊച്ചി: തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ- അതാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും സിദ്ദിഖ് അണിയിച്ചൊരുക്കിയ സിനിമകളെല്ലാം ബോക്സോഫീസിൽ വൻ വിജയം നേടിയവയായിരുന്നു. ആത്മമിത്രം ലാലിനൊപ്പം കലാഭവനിൽ സ്കിറ്റുകൾക്ക് തിരക്കഥയെഴുതിയാണ് സിദ്ദിഖ് തുടങ്ങിയത്. ആയിടയ്ക്ക് തന്നെ സംവിധായകൻ ഫാസിൽ ഇവരെ ശ്രദ്ധിക്കുകയും ഒപ്പം കൂട്ടുകയും ചെയ്തതോടെയാണ് സിദ്ദിഖ് ലാലിന്റെ സിനിമാജീവിതത്തിന് ആരംഭമാകുന്നത്. ഫാസിലിന്‍റെ സംവിധാനസഹായികളായാണ് ഇവരുടെ തുടക്കം.
1986ൽ സത്യൻ അന്തിക്കാട് ഒരുക്കിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് സിദ്ദിഖും ലാലും ചേർന്ന് തിരക്കഥയെഴുതി. പിന്നീട് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്‍റെ നാടോടിക്കാറ്റിന് തിരക്കഥ എഴുതി. കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന സിനിമയിൽ അസോസിയേറ്റ് സംവിധായകരായി സിദ്ദിഖും ലാലും പ്രവർത്തിച്ചു.
ഇരുവരും സംവിധാനത്തിലേക്ക് കടന്ന ആദ്യ ചിത്രം റാംജി റാവു സ്പീക്കിങ് ആയിരുന്നു. സായികുമാർ എന്ന നടൻ അരങ്ങേറ്റം കുറിച്ച ഈ സിനിമയിൽ മുകേഷും ഇന്നസെന്‍റും സുപ്രധാനവേഷങ്ങളലെത്തി. റാംജിറാവു സ്പീക്കിങ് വൻവിജയമായതോടെ, കോമഡിയിലൂടെ സൂപ്പർഹിറ്റ് ചേരുവ ചാലിച്ച സംവിധായകജോഡിയായി സിദ്ദിഖും ലാലും മാറി.
ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകളെല്ലാം തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. പിന്നീട് മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ ഹിറ്റ് സിനിമകളും സിദ്ദിഖും ലാലും ചേർന്ന് ഒരുക്കി. മാന്നാർ മത്തായിക്കുശേഷം സിദ്ദിഖും ലാലും വേർപിരിഞ്ഞു.
ലാൽ ഇല്ലാതെ സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ഹിറ്റ്ലർ ബോക്സോഫീസിൽ വൻ ഹിറ്റായി. അതിനുശേഷം ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ദിഖ് ഒരുക്കിയ ഫ്രണ്ട്സ് എന്ന സിനിമയും വൻ വിജയമായിരുന്നു. ഈ സിനിമ 2001ൽ തമിഴിലേക്ക് റിമേക്ക് ചെയ്തു.
2003ൽ മമ്മൂട്ടിയെയും മുകേഷിനെയും കഥാപാത്രങ്ങളാക്കി ഒരുക്കിയ ക്രോണിക് ബാച്ചിലറും വൻ വിജയമായി. ഇതിനുശേഷം എങ്കൾ കണ്ണാ, സാധു മിരണ്ടാ എന്നീ തമിഴ് സിനിമകളും സിദ്ദിഖ് സംവിധാനം ചെയ്തു.
പിന്നീട് സിദ്ദിഖിന്‍റെ സിനിമയ്ക്കായുള്ള കാത്തിരിപ്പും നീണ്ടു. 2010ൽ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ബോഡിഗാർഡ് ആയിരുന്നു സിദ്ദിഖിന്‍റെ അടുത്ത ചിത്രം. ഈ സിനിമ വൻ ഹിറ്റായതോടെ തമിഴിലേക്കും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു. തമിഴിൽ വിജയും ബോളിവുഡിൽ സൽമാൻഖാനും നായകൻമാരായി എത്തി. അന്യഭാഷകളിലും ബോഡിഗാർഡ് വിജയം ആവർത്തിച്ചു. പിന്നീട് ലേഡീസ് ആൻഡ് ജന്‍റിൽമാൻ, കിങ് ലയൻർ, ഫുക്രി, ഭാസ്ക്കർ ദ റാസ്ക്കൽ എന്നിവയാണ് സിദ്ദിഖ് സംവിധാനം ചെയ്ത സിനിമകൾ.