Vithura Thankachan | വിതുര തങ്കച്ചന്റെ അപകടം; യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന വിശദീകരണവുമായി ഫേസ്ബുക്ക് പോസ്റ്റ്


മിമിക്രി, സ്റ്റേജ് കലാകാരൻ വിതുര തങ്കച്ചന് (Vithura Thankachan) അപകടം പറ്റിയെന്ന വാർത്തയിൽ പ്രതികരണം. തങ്കച്ചൻ തന്റെ ഫേസ്ബുക്ക് പേജിലാണ് അപകടം പറ്റിയ വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തിയത്. തിരുവനന്തപുരം വിതുരയിൽ വച്ച് തങ്കച്ചൻ യാത്ര ചെയ്തിരുന്ന കാർ മണ്ണുമാന്തി യന്ത്രത്തിന് പിന്നിൽ ഇടിക്കുകയും, ഇദ്ദേഹത്തിന് നെഞ്ചിലും കഴുത്തിലും പരിക്കേറ്റതായുമായി വാർത്തയും വന്നു. കൊല്ലം സുധിക്കുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തങ്കച്ചനും അപകടം പറ്റിയത് കാലാസ്വാദകർക്ക് ദുഃഖകരമായ വാർത്ത തന്നെയായി.

എന്നാൽ അപകടം നടന്നിട്ടു ആഴ്ച ഒന്ന് പിന്നിട്ടു എന്ന് തങ്കച്ചൻ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ‘എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല’ എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഈ വാർത്ത ആരാധകർക്ക് തെല്ലൊന്നുമല്ല ആശ്വാസകരമായത്. ‘ചങ്കെ നിങ്ങൾ സേഫ് അല്ലെ അത് കേട്ടാൽ മതി സന്തോഷം ആയിട്ട് ഇരിക്ക്, അണ്ണനെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അണ്ണനെ ദൈവം കാത്തു രക്ഷിക്കും പ്രാർത്ഥന കൂടെ ഉണ്ട്.’ വാർത്ത കണ്ടപ്പോൾ ഒരുപാട് വിഷമമായി. താങ്ക് യു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’, ‘ആ വാർത്ത കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി ചേട്ടാ. അങ്ങ് വലിയ ഒരു കലാകാരനാണ്, എപ്പോഴും സുഖമായി ഇരിക്കട്ടെ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ’ എന്നെല്ലാം കമന്റുകൾ വന്നുചേർന്നു.

Summary: Mimicry and stage performer Vithura Thankachan issued a clarification regarding the news of him meeting with an accident and sustaining injuries. News broke the other day stating that the car Thankachan was travelling hit against an earthmover, leaving him with injuries on chest and neck. Much to the solace of his fans and wellwishers, the accident, of minor nature, occurred a week ago and he is keeping well