31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

Samantha Ruth Prabhu | ‘നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്താല്‍ ഞാൻ പൂര്‍വാധികം ആരോഗ്യത്തോടെ മടങ്ങിവരും’: സമാന്ത

Date:


വിജയ് ദേവരകൊണ്ടയും സമാന്തയും ഒന്നിക്കുന്ന ‘ഖുഷി’ എന്ന ചിത്രത്തിന്റെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ഹൈദരാബാദിൽ അരങ്ങേറി. ഗായകരായ ജാവേദ് അലി, സിദ് ശ്രീറാം, മഞ്ജുഷ, ചിന്മയി, സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് എന്നിവർ ‘ഖുഷി’യിലെ ഗാനങ്ങളാലപിച്ചു. ഇതോടൊപ്പം സ്റ്റേജില്‍ വിജയ് ദേവരകൊണ്ടയുടെയും സമാന്തയുടെയും പെര്‍ഫോമന്‍സ് കൂടി ആയപ്പോള്‍ ‘ഖുഷി’യിലെ ടൈറ്റിൽ സോങ്ങിന് പ്രേക്ഷകർ നിറഞ്ഞ കൈയടി നൽകി.

മ്യൂസിക്കല്‍ കണ്‍സേര്‍ട്ടില്‍ വിജയ്‌ ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട, ഛായാഗ്രാഹകൻ ജി. മുരളി, മൈത്രി മൂവി മേക്കേഴ്‌സ് സിഇഒ ചെറി, സരിഗമ മ്യൂസിക് ലേബല്‍ പ്രതിനിധിയായ വിക്രം മെഹ്‌റ, നിർമ്മാതാക്കളായ നവീൻ യെർനേനി, വൈ രവിശങ്കർ, സംവിധായകൻ ശിവ നിർവാണ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച് ശിവ നിർവാണ സംവിധാനം ചെയ്യുന്ന ‘ഖുഷി’ സെപ്തംബർ 1-നാണ് പാന്‍ ഇന്ത്യന്‍ റിലീസായി തീയറ്ററുകളില്‍ എത്തുക.

“ഷൂട്ടിംഗ് സമയത്ത് കേള്‍ക്കുമ്പോഴാണ് ‘ഖുഷി’യിലെ ഗാനങ്ങളോട് ഏറെ ഇഷ്ടം തോന്നിയത്. ഇപ്പോള്‍ ഈ വേദിയില്‍ ഈ പാട്ടുകൾ കേൾക്കുമ്പോൾ, സമയം മുന്നോട്ടുനീക്കി എത്രയും പെട്ടെന്ന് സെപ്തംബർ 1-ന് നിങ്ങൾക്കൊപ്പം സിനിമ കാണാന്‍ ഞാൻ ആഗ്രഹിച്ചുപോവുകയാണ്. നിങ്ങൾക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു ചിത്രം നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള ഒരു ശ്രമമാണ് ഈ ചിത്രം. മൈത്രി മൂവി മേക്കേഴ്സ് എന്റെ പ്രിയപ്പെട്ട നിർമ്മാണ കമ്പനിയാണ്. ഏറെ പ്രിയപ്പെട്ട വ്യക്തികളും. കഴിഞ്ഞ ഒരു വർഷമായി അവരെനിക്ക് നൽകിയ പിന്തുണ മറക്കാനാവാത്തതാണ്. എന്റെ കരിയറിലെ അവിസ്മരണീയമായ ചലച്ചിത്രാനുഭവമാണ് ‘ഖുഷി’. ഇതിലഭിനയിക്കാൻ അവസരം നല്‍കിയ സംവിധായകൻ ശിവയ്ക്ക് നന്ദി.

ഹിഷാം, തെലുങ്ക് പ്രേക്ഷകര്‍ നിങ്ങളെ എത്ര ഇഷ്ടപ്പെടുന്നെന്ന് ‘ഖുഷി’യിലെ ഗാനങ്ങളോടെ നിങ്ങള്‍ക്ക് മനസ്സിലാവും. ‘ഖുഷി’യിൽ സീനിയറായ ധാരാളം അഭിനേതാക്കളുണ്ട്. അവരുടെ പ്രകടനങ്ങള്‍ സിനിമയെ കൂടുതൽ ശക്തമാക്കുന്നുണ്ട്. നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്താല്‍ ഞാൻ പൂര്‍വാധികം ആരോഗ്യത്തോടെ മടങ്ങിവരും. പോരാതെ, ഉറപ്പിച്ചോളൂ, ‘ഖുഷി’ ബ്ലോക്ക്ബസ്റ്റര്‍!,” സമാന്ത പറഞ്ഞു.

“ഈ ചിത്രത്തിന് മനോഹരമായ സംഗീതമൊരുക്കാനായി നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിൽ നിന്ന് ലഭിച്ച പിന്തുണ മറക്കാനാവാത്തതാണ്. ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കാന്‍ 15 ദിവസമാണ് വേണ്ടിവന്നത്, ഞാനും സംവിധായകൻ ശിവയും പുറത്തിറങ്ങാതെ ഹോട്ടൽ മുറിയില്‍ത്തന്നെ അടച്ചിരുന്നാണ് പാട്ടുകള്‍ ഒരുക്കിയത്. എന്റെ സ്നേഹം നിറഞ്ഞ ഭാര്യയായ ഐഷയാണ് ‘ഖുഷി’യിലെ പ്രണയം നിറഞ്ഞ ഗാനങ്ങള്‍ ഒരുക്കാന്‍ എനിക്ക് പ്രചോദനമായത്. എന്റെ കുടുംബാംഗങ്ങളെല്ലാം ഈ കണ്‍സേര്‍ട്ടിന് വന്നിരുന്നു. നമുക്ക് ഒത്തുചേര്‍ന്ന് സെപ്തംബർ ഒന്നിന് തീയേറ്ററുകളിൽ പ്രണയവും സംഗീതവും ആഘോഷിക്കാം,” ഹിഷാം പറഞ്ഞു.

‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ‘ഖുഷി’യുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related