അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവൻ: വ്യാജ വാർത്തയ്ക്കെതിരെ ഷാജി കൈലാസ്
സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന് ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം, സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ് എന്ന് ഷാജി കൈലാസ് വ്യക്തമാക്കുന്നു.
‘അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവ് ചെയ്ത് ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണം’, ഷാജി കൈലാസ് ആവശ്യപ്പെട്ടു.
ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്.