‘എന്നെ തൊടരുത്, തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല’: നടി രഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍ ചർച്ചയാകുന്നു
സിനിമ -സീരിയല്‍ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനമായിരുന്ന ഇന്നലെയാണ് രഞ്ജുഷയെ ശ്രീകാര്യത്തെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു നടി. അവസാന നാളുകളില്‍ രഞ്ജുഷ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകൾ ഇപ്പോൾ ചര്‍ച്ചയാകുകയാണ്. ഫെയ്‌സ്ബുക് പോസ്റ്റുകളില്‍ വിഷാദമായിരുന്നെങ്കില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സന്തോഷം പ്രകടമാക്കുന്ന പോസ്റ്റുകളായിരുന്നു.
read also: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: സംഭവം മേലുകാവിൽ
‘തൊട്ടാവാടിയുടെ ഇംഗ്ലിഷ് പേര് ടച്ച് മി നോട്ട് എന്നാണ്. എന്നെ തൊടരുത് എന്നാണ് അതിന്റെ പേര്. നമ്മള്‍ രാവിലെ തൊടും, അത് വാടും. ആരെങ്കിലും രാവിലെ എണീറ്റിട്ട് തെങ്ങിന്റെ ഓലമ്മേല്‍ തൊട്ടോ? തെങ്ങിന്റെ ഓലമ്മേല്‍ രാവിലെ തൊട്ടിട്ട് വാടിയില്ലല്ലോ? എന്ന് ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അത് നമ്മെ പഠിപ്പിക്കുന്ന പാഠം, തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല. നിങ്ങളെ ആരെങ്കിലും ഞോണ്ടി കൊണ്ടിരിക്കുന്നത് നിങ്ങളൊരു തൊട്ടാവാടി ആയതുകൊണ്ടാണ്. ആളുകള്‍ നിങ്ങളെ ഇന്‍സല്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വേദനിക്കുന്നതുകൊണ്ടാണ് അവര്‍ വീണ്ടും അത് ചെയ്യുന്നത്. നിങ്ങള്‍ അതിനെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് അവര്‍ക്കു തോന്നിയാല്‍ അവരാ പണി നിര്‍ത്തിക്കോളും. കാരണം വളരെ ലളിതമാണ്. മനുഷ്യന്റെ ഹ്യൂമന്‍ നേച്ചര്‍ ആണ് തൊട്ടാവാടിയെ തൊട്ടുകൊണ്ടിരിക്കുന്നത്. അത് ചുരുങ്ങുന്നത് കാണാന്‍ രസമാണ്’- എന്നായിരുന്നു നടിയുടെ പോസ്റ്റ്.
‘ചിലരുടെ വാക്കുകളില്‍ സ്‌നേഹം ഉണ്ടെന്നു കരുതി ഹൃദയത്തില്‍ സ്‌നേഹം ഉണ്ടാകണം എന്നില്ല. ആരെയും ആശ്രയിക്കാതെ ജീവിക്കണം. കാരണം ഒരുനാള്‍ ചില കണക്കുപറച്ചിലുകള്‍ നമ്മള്‍ കേള്‍ക്കേണ്ടിവരും.’-ഇങ്ങനെയും ചില പോസ്റ്റുകള്‍ രഞ്ജുഷ മേനോന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലുണ്ട്.
സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷ താമസിച്ചിരുന്നത്. സീരിയല്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് പുറപ്പെട്ടിരുന്നതായും എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിളിച്ച് നോക്കുകയായിരുന്നുവെന്നും മനോജ് പറയുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെ താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നു നോക്കുകയായിരുന്നുവെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്.