പ്രേക്ഷക കൈയടി നേടി ആസ്പിരന്റ്സ് വെബ് സീരീസ്; മിർസാപൂരിനെയും പഞ്ചായത്തിനെയും പിന്നിലാക്കി IMDb റേറ്റിംഗ്


ആളുകൾ ഇപ്പോൾ അവരുടെ ചെറിയ ഇടവേളകൾ പോലും ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചെലവഴിക്കുന്നത്. കാരണം വ്യത്യസ്ത വിഭാഗങ്ങളിൽ നിരവധി മികച്ച വെബ് സീരീസുകളും സിനിമകളും ഒടിടിയിൽ ലഭ്യമാണ്. ഇപ്പോഴിതാ ഐഎംഡിബി റേറ്റിംഗിൽ മുൻനിരയിലെത്തിയിരിക്കുകയാണ് അടുത്തിടെ ആരംഭിച്ച ആസ്പിരന്റ്സ് എന്ന ഹിന്ദി സീരീസ്. പഞ്ചായത്ത്, മിർസാപൂർ എന്നീ വെബ് സീരീസുകളെ പിന്തള്ളിയാണ് ആസ്പിരന്റ്സ് പ്രേക്ഷക ശ്രദ്ധ നേടിയത്.

ഇന്ത്യൻ വെബ് സീരീസുകളിൽ ഏറ്റവും റേറ്റിംഗുള്ളത് റോക്കറ്റ് ബോയ്സ്, മിർസാപൂർ, ദി ഫാമിലി മാൻ, പഞ്ചായത്ത് എന്നിവയ്ക്കാണ്. അതിൽ മിർസാപൂർ, പഞ്ചായത്ത് എന്നീ വെബ്‌സീരീസുകളാണ് ആളുകൾക്ക് ഏറെ പ്രിയങ്കരം. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ആസ്പിരന്റ്സ് എന്ന ഈ വെബ് സീരീസ് ഐഎംഡിബി റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ മിർസാപൂരിനെയും പഞ്ചായത്തിനെയും പരാജയപ്പെടുത്തി മുന്നിലെത്തിയിരിക്കുകയാണ്.

ഒക്ടോബർ 25 നാണ് പ്രൈം വീഡിയോയിൽ ആസ്പിരന്റ്സ് റിലീസ് ചെയ്തത്. സീരീസ് ഐഎംഡിബിയിൽ 9.2/10 റേറ്റിംഗ് നേടിയാണ് ജനപ്രിയമായിരിക്കുന്നത്. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് ജനങ്ങളുടെ സംസാര വിഷയമാണ് ആസ്പിരന്റ്സ് സീസൺ 2 ഇപ്പോൾ. ഐഎംഡിബിയിൽ മിർസാപൂരിന് 8.5 റേറ്റിംഗും പഞ്ചായത്തിന് 8.9 റേറ്റിംഗുമാണ് ഉള്ളത്.

പുതിയതായി ഇറങ്ങിയ ആസ്പിരന്റ്സ് ഹിന്ദി സീരിസ് സീസൺ 2 വിൽ അഞ്ച് എപ്പിസോഡ് ആണ് ഉള്ളത്. റിലീസ് ചെയ്ത ദിവസം മുതൽ കഥയും മികച്ച കഥാപാത്രങ്ങളും അഭിനേതാക്കളുടെ മികച്ച അഭിനയവും കൊണ്ട് ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് സീരിസ്. ആസ്പിരന്റ്സിന്റെ ആദ്യ സീസണും മികച്ച കയ്യടി നേടിയിരുന്നു. ദി വൈറൽ ഫീവർ ആണ് ഈ സീരിസിന്റെ സൃഷ്ടാക്കൾ. സംവിധാനം നിർവഹിച്ചിരിക്കുന്നത് അപൂർവ് സിംഗ് കാർക്കിയാണ്.

UPSC പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഈ വെബ് സീരിസിന്റെത്. സീരിസിലെ പഴയ അഭിനേതാക്കൾ തന്നെയാണ് സീസൺ 2 വിലും ഉള്ളത്. പ്രധാന കഥാപാത്രങ്ങളായ നവീൻ കസ്തൂരിയ, ശിവങ്കിത് സിംഗ് പരിഹാർ, അഭിലാഷ് തപ്ലിയാൽ എന്നിവരും സപ്പോർട്ടിങ് കഥാപാത്രങ്ങളായി സണ്ണി ഹിന്ദുജയും നമിതാ ദുബെയും അഭിനയിക്കുന്നു. അഭിലാഷ്, ഗുരി, സന്ദീപ് ഭയ്യ എന്നീ കഥാപാത്രങ്ങളുടെ പ്രണയം, കരിയർ, അഭിലാഷങ്ങൾ, സ്വപ്നങ്ങൾ എന്നിവയിലൂടെയാണ് സീരിസ് കടന്നുപോകുന്നത്. മികച്ച നിലവാരമുള്ള തമാശയും എടുത്തു പറയേണ്ട സവിശേഷതയാണ്.