പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചു: ഗായിക അഭിരാമി സുരേഷിന് പരുക്ക്


കൊച്ചി: പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്കേറ്റു. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിയുടെ വലത് കയ്യിലെ 5 വിരലുകളിലും പരുക്കേറ്റു. അപകടത്തിന്റെ വിവരം അഭിരാമി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

ചെറിയ ഇടവേളയ്ക്കു ശേഷം വീഡിയോകൾ ചെയ്ത് സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങവെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അഭിരാമി പറയുന്നു. കൈവിരലുകളിൽ ആഴമേറിയ മുറിവും ചെറിയ രീതിയിൽ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ അഭിരാമി ഇപ്പോൾ വിശ്രമത്തിലാണ്.

അപകടത്തിന് ശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും അഭിരാമി വീഡിയോയിൽ പറഞ്ഞു. ഇത്തരത്തിലുള്ള ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങിയെത്തുമെന്നും അഭിരാമി പറയുന്നു. തന്റെ അവശത ഓർത്ത് ആരും പേടിക്കേണ്ടതില്ലെന്നും വലിയ പ്രശ്നങ്ങളില്ലെന്നും അഭിരാമി വ്യക്തമാക്കി.