‘കാതൽ’ ഈ വർഷത്തെ മികച്ച ചിത്രം, എന്റെ ഹീറോ മമ്മൂട്ടി: കാതലിനെ പ്രശംസിച്ച് സാമന്ത


കൊച്ചി: ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാതൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒട്ടേറെപ്പേരാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് രംഗത്തെത്തിയത്.സ്വവർ​ഗാനുരാ​ഗം പ്രമേയമാകുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് കാതലിനെ കുറിച്ച് സാമന്ത പറയുന്നത്.

‘നിങ്ങൾ നിങ്ങൾക്ക് വേണ്ടി ഒരു ഫേവർ ചെയ്യുക, കാതൽ എന്ന ഈ മനോഹര സൃഷ്ടി കാണുക. മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ. ഒരുപാട് കാലം ഈ പ്രകടനം എന്റെ മനസിൽ ഉണ്ടാവും.’ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാമന്ത വ്യക്തമാക്കി. സംവിധായകൻ ജിയോ ബേബിയെയും ജ്യോതികയെയും അഭിനന്ദിക്കാനും താരം മറന്നില്ല. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ‘കാതൽ’ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.