ഗായത്രി ഒരു സീരിയല്‍ എടുക്കണം, അതിന് മൊല്ലാക്ക എന്ന് പേരിടണം: വിമർശിച്ച് നടൻ മനോജ് കുമാർ


സീരിയല്‍ മേഖലകളെ ഭരിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നു നടിയും സിപിഎം പ്രവര്‍ത്തകയുമായ ഗായത്രി വിമർശിച്ചത് വലിയ ചർച്ചയായി. ഇപ്പോഴിതാ നടിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കുമാര്‍. മൈക്കും കുറച്ച്‌ ആളുകളെയും കിട്ടിയെന്ന് കരുതി അസംബന്ധങ്ങള്‍ വിളിച്ച്‌ പറയരുതെന്ന് മനോജ് ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഗായത്രിക്കുണ്ട്. എന്നാല്‍ സീരിയല്‍ മേഖലയില്‍ കൂടി ഇത്തരത്തില്‍ രാഷ്‌ട്രീയം കൊണ്ടുവരരുതെന്നും മനോജ് പറഞ്ഞു.

read also: വിൽപ്പനയ്ക്കായി സൂക്ഷിച്ചു: 1.6 കിലോഗ്രാം കഞ്ചാവുമായി യുവതി അറസ്റ്റിൽ

നടന്റെ വാക്കുകൾ ഇങ്ങനെ,

‘ഗായത്രി ഒരു അഭിനേതാവ് എന്നതിലുപരി ഒരു രാഷ്‌ട്രീയക്കാരിയാണ്. ഇടതുപക്ഷ സഹയാത്രികയാണ്. സീരിയല്‍ മേഖലയില്‍ എല്ലാ രാഷ്‌ട്രീയത്തില്‍പ്പെട്ടവരുമുണ്ട്. ഗായത്രിക്ക് രാഷ്‌ട്രീയമുള്ളത് അവരുടെ ഇഷ്ടം, എന്നാല്‍ സീരിയല്‍ മേഖലയില്‍ കൂടി ഇത്തരത്തില്‍ രാഷ്‌ട്രീയം കൊണ്ടുവരരുത്. ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഗായത്രിക്കുണ്ട്.

സീരിയലിനെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്ന് പറയുന്നത് നല്ല അംബന്ധമാണ്. രാഷ്ടീയക്കാരി എന്ന നിലയില്‍ ഗായത്രിക്ക് ഇത് പറയാം. കാരണം രാഷ്‌ട്രീയക്കാരുടെ തുറുപ്പ് ചീട്ട് എന്നൊക്കെ പറയുന്നത് ഇതുപോലുള്ള ന്യൂനപക്ഷ വാദങ്ങളാണ്. ഇത്തരം ചീപ്പ് സാധനങ്ങള്‍ സീരിയല്‍ മേഖലയുമായി കലര്‍ത്തി പറയരുത്. ന്യൂനപക്ഷം, ന്യൂനപക്ഷം എന്ന് പറഞ്ഞത് വോട്ടുവാങ്ങുന്നത് നിങ്ങള്‍ രാഷ്‌ട്രീയത്തില്‍ പ്രയോഗിച്ചോളു.. കലയില്‍ കലര്‍ത്തരുത്.

കേരളത്തില്‍ പള്ളീലച്ഛന്റെ കഥയെ ആസ്പദമാക്കിയും സീരിയല്‍ ഇറങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാര്‍ ഹിറ്റായ ഒരു സീരിയലാണ്. അതുകൊണ്ട് ഇവിടെ പള്ളീലച്ഛന്റെ കഥവെച്ച്‌ സീരിയല്‍ ഇറക്കാൻ സാധിക്കില്ലെന്ന് പറയുന്നത് അവാസ്തവമാണ്. കന്യാസ്ത്രീകളും കേരളത്തിലെ സീരിയലുകളില്‍ കഥാപാത്രമായിട്ടുണ്ട്. എന്നാല്‍ മൊല്ലാക്കമാരുടെ കഥ സീരിയലാക്കിയാല്‍ ഇവിടെ വര്‍ഗ്ഗീയ കലാപം നടക്കും. വസ്ത്രത്തില്‍ വരുന്ന ഒരു പിഴവുപോലും ഇവിടെ പ്രശ്‌നമാകും. അവസാനം രാഷ്‌ട്രീയ പാര്‍ട്ടികളും മൊല്ലാക്കമാരും ചേര്‍ന്ന് ആ ചാനല്‍ പൂട്ടിക്കും. അതുകൊണ്ട് പറയുന്നതിന് എന്തെങ്കിലും ഔചിത്യം ഗായത്രി കാട്ടണം. സീരിയിലില്‍ ഇത്തരം കഥാപാത്രങ്ങളെ നിര്‍ണയിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയാണെന്നും പറയുന്നത് അമ്മാതിരി മണ്ടത്തരമാണ്.

മുകളിലുള്ളവരാണ് സീരിയല്‍ മേഖലയെ നിയന്ത്രിക്കുന്നത് എന്ന് വാദിക്കുന്ന ഗായത്രി ആ മേഖലയില്‍ ഇനി പ്രവര്‍ത്തിക്കില്ല എന്നുകൂടി പറയണമായിരുന്നു. ഒരു സീരിയലിലുകളിലും ഇനി അഭിനയിക്കില്ലെന്ന് കൂടി പറയാൻ ആര്‍ജ്ജവം കാണിക്കണമായിരുന്നു. അല്ലാതെ ഒരു മൈക്കും കുറച്ച്‌ ആള്‍ക്കാരെയും കാണുമ്പോള്‍ വായില്‍തോന്നുന്നത് വിളിച്ചുപറയരുത്. പൊട്ടക്കിണറ്റിലെ തവളയാകരുത്. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ഗായത്രിക്ക് സീറ്റ് ഉറപ്പിക്കാം.. എന്നാല്‍ ജയിക്കണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇത്രയും അഭിപ്രായമുള്ള ഗായത്രി അടുത്ത് ഒരു സീരിയല്‍ എടുക്കണം. അതിന് മൊല്ലാക്ക എന്ന് പേരിടണം’- മനോജ് കുമാര്‍ പറഞ്ഞു.