ഞാനെന്റെ മക്കളെ വളർത്തുന്നത് സുഹൃത്തുക്കളെപ്പോലെയാണ്: ദിലീപ്



പൊതുവേദിയിൽ മക്കളെ കുറിച്ചും അച്ഛനെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ദിലീപ്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ചും അദ്ദേഹവുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും ദിലീപ് മനസ് തുറന്നത്. ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്നും അടുത്തിടപഴകി വന്നപ്പോഴേക്കും തന്നെ വിട്ടു പോയെന്നും ദിലീപ് പറയുന്നു. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിൽ മുഖ്യാതിഥിയായി ദിലീപ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

‘എന്റെ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ അച്ഛന് എന്നോടു കുറിച്ചു കൂടി സ്വതന്ത്രമായി ഇടപെഴകിക്കൂടെ എന്ന്. കാരണം ഭയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപൂർവമായി മാത്രമാണ് അച്ഛൻ ചിരിക്കുകയൊക്കെ ചെയ്തിട്ടുള്ളത്. പിന്നീട് ഞാൻ സിനിമയിലൊക്കെ വന്നതിനുശേഷമാണ് എന്റെ അച്ഛനെ സുഹൃത്താക്കാൻ ശ്രമിച്ചത്. അങ്ങനെ അടുത്തുവന്നപ്പോഴേക്കും അച്ഛൻ പോയി. പക്ഷേ ഇന്ന്, ഞാനെന്റെ മക്കളെ വളർത്തുന്നത് സുഹൃത്തുക്കളെപ്പോലെയാണ്. കാരണം എന്റെ കുട്ടികൾക്ക് എന്തും എന്നോട് വന്നു പറയാം.

എന്തു പ്രശ്നങ്ങൾ വന്നാലും എന്റെ സിനിമകൾ വരുമ്പോൾ കുട്ടികളെ കാണിക്കാൻ ശ്രമിക്കണം. കുറച്ച് സിനിമകൾ വരുന്നുണ്ട്. പത്തിരുപത്തിയെട്ട് വർഷമായി വ്യത്യസ്തങ്ങളായ പല വേഷങ്ങൾ ചെയ്തിട്ടും നിങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധിഘട്ടത്തിലും എന്നോടൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാൻ നേരിട്ടുവന്ന് നന്ദി പറയുന്നു’, ദിലീപ് പറഞ്ഞു.