ആ സംഭവത്തിന് ശേഷം അർദ്ധ രാത്രി എണീറ്റ് റെയിൽവേ ട്രാക്കിലേക്ക് പോകും, ഭർത്താവും മകനും മരിച്ചു; കവിത


സിനിമ- സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് നടി കവിത. ഒരുകാലത്ത് തെന്നിന്ത്യയിലെ മൂല്യമേറിയ നടിമാരിൽ ഒരാളായിരുന്നു കവിത. തന്റെ പതിനൊന്നാം വയസിലാണ് കവിത സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യത്തെ കുറിച്ചും, ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും സംസാരിക്കുകയാണ് കവിത. തുടക്കകാലത്ത് യാതൊരു താല്പര്യവുമില്ലാതെയാണ് താൻ സിനിമകൾ ചെയ്തിരുന്നതെന്ന് ഇന്ത്യാ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ കവിത പറഞ്ഞു.

‘സിനിമയിൽ നിന്നും അവസരം വന്നെങ്കിലും തനിക്ക് അഭിനയിക്കാൻ താൽപര്യമില്ലെന്ന് ഞാൻ അമ്മയോട് പറഞ്ഞു. നമുക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ട്, വാടക കൊടുക്കാൻ പറ്റുന്നില്ല. ഈ സിനിമയിൽ അഭിനയിച്ചാൽ 5000 രൂപ ലഭിക്കും. ഒരു വർഷത്തേക്ക് വാടകയ്ക്കും ഭക്ഷണത്തിനും പണമുണ്ടാകും. സഹോദരങ്ങളെ പഠിപ്പിക്കാം. നീയാണ് ഫോട്ടോജെനിക് എന്നവർ പറയുന്നെന്നും അമ്മ വ്യക്തമാക്കി. എന്നെക്കൊണ്ട് അഞ്ച് പേർക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിൽ ചെയ്യാമെന്ന് ഞാൻ കരുതി.

സിനിമയിൽ നിന്ന് ലഭിച്ച പണം ഉപയോ​ഗിച്ച് അമ്മ ചേച്ചിമാരെ വിവാഹം ചെയ്യിച്ചു. അനിയത്തിയെ പഠിക്കാൻ അയച്ചു. അതിനിടെ അവിചാരിതമായി സഹോദരൻ ആക്സിഡന്റിൽ മരിച്ചു. ഇതോടെ ഇനി ഷൂട്ടിം​ഗിന് ഞാൻ വരില്ല, നിന്നെയും അയക്കില്ലെന്ന് അമ്മ പറഞ്ഞു. പരിപ്പ് വെങ്കായം വിൽക്കുന്നവൻ ആയാൽ പോലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് സെറ്റിൽഡ് ആകണമെന്നും അമ്മ ആവശ്യപ്പെട്ടു. ശരി, നിങ്ങളുടെ ഇഷ്ടമെന്ന് ഞാനും. കരിയറിലെ പീക്കിലിരിക്കവെയാണ് വിവാഹം ചെയ്യാൻ പറയുന്നത്. ഇതുവരെ ആരോടും വ്യക്തമായി ഞാൻ പറഞ്ഞിട്ടില്ല.

അനിയൻ മരിച്ച ശേഷം ഞാൻ സെമി മെന്റൽ ആയി. റെയിൽവേ ട്രാക്കിലാണ് അനിയൻ മരിച്ചത്. ഞാൻ അർദ്ധ രാത്രി എണീറ്റ് റെയിൽവേ ട്രാക്കിലേക്ക് പോകും. അമ്മ സൈക്യാട്രിസ്റ്റുകളെ കാണിച്ചു. അവളെ ഈ അന്തരീക്ഷത്തിൽ നിന്നും മാറ്റി നിർത്തണമെന്നാണ് സൈക്യാട്രിസ്റ്റുകൾ നിർദ്ദേശിച്ചത്. ജീവിതത്തിൽ പിന്നീടും ഒരുപാട് വിഷമഘട്ടങ്ങൾ ഉണ്ടായി, 2021 ൽ കൊവിഡ് ബാധിച്ച് എന്റെ ഭർത്താവും മകനും മരിച്ചു. ഭർത്താവിന്റെയും മകന്റെയും മരണമുണ്ടാക്കിയ ആഘാതത്തിൽ ഒന്നിലേറെ തവണ ആത്മഹത്യക്ക് ഞാൻ ശ്രമിച്ചിരുന്നു. പെൺമക്കൾക്ക് വേണ്ടിയാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത്’, കവിത പറഞ്ഞു.