നടക്കാൻ വല്ലാത്ത പേടിയുണ്ട്, ഒന്നു രണ്ടുവട്ടം വീണു: ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ലെന്ന് സലിം കുമാർ
മറിമായം താരങ്ങള്‍ വേഷമിടുന്ന ‘പഞ്ചായത്ത് ജെട്ടി’യില്‍ നടൻ സലീംകുമാറും പ്രധാനകഥാ പാത്രമായി എത്തുന്നു. ടെലിവിഷൻ പരമ്പരയായ മറിമായത്തിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേര്‍ന്നാണ് പഞ്ചായത്ത് ജെട്ടിയുടെ തിരക്കഥ ഒരുക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെന്നും മറിമായത്തിന്റെ ആരാധകനായതു കൊണ്ട് മാത്രമാണ് ഇതിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സലിം കുമാർ പറഞ്ഞു.
READ ALSO: ബീറ്റ്‌റൂട്ട് കൊണ്ട് കിടിലൻ ഒരു വൈൻ ഉണ്ടാക്കിയാലോ?
‘ഒരു കണ്ണട വാങ്ങാൻ കടയില്‍ കയറിയതാണ്. ഒരു സ്റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ദേ ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല. നടക്കാൻ വല്ലാത്ത പേടിയുണ്ട്. രണ്ടുമൂന്നു പ്രാവശ്യം വീണ്ടും വീണു. അപ്പൊ മനസ് പറഞ്ഞു വയസ് 54 ആയി. എന്നാലും ഇന്ന് ഈ പൂജയ്ക്ക് വന്നത് ഇവരോടുള്ള ഒരു ആരാധന കൊണ്ടാണ്. മണികണ്ഠനും റിയാസും സ്നേഹയും മറിമായത്തിലെ ഓരോ ആര്‍ട്ടിസ്റ്റുകളോടും വലിയ ഇഷ്ടമാണ്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇവരെയൊക്കെ വിളിക്കാറുണ്ട്. ഇനി കാണാനായിട്ട് എപ്പിസോഡുകളൊന്നും ബാക്കിയില്ല, തുടക്കം മുതല്‍ അവസാനം വരെ ഞാൻ കണ്ടിട്ടുണ്ട്’- സലീം കുമാര്‍ പറഞ്ഞു.