അനിയത്തിയുടെയും ഭര്‍ത്താവിന്റേയും ക്രൂരപീഡനം, ആഹാരവുമില്ല: അമ്മ സംഘടന നൽകിയ വീടു വിട്ടിറങ്ങിയ നടി ബീന അനാഥാലയത്തിൽ


കല്യാണരാമന്‍ എന്ന സിനിമയിലൂടെ ഏവർക്കും പരിചിതയായ നടി ബീന കുമ്പളങ്ങി ആശ്രയം തേടി അനാഥാലയത്തില്‍. അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങള്‍ സഹിക്കാന്‍ പറ്റാതെ ഇറങ്ങിയ ബീന ആശ്രയം തേടിയെത്തിയത് സീമ ജി നായരുടെ അടുത്താണ്. കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ സലിം കുമാര്‍ ലവ് പ്രപ്പോസ് ചെയ്യുന്നത് ബീനയുടെ കഥാപാത്രത്തോടാണ്, ഇന്നും ട്രോള്‍ പേജുകളില്‍ ബീനയുടെ മുഖം പരിചിതമാണ്.

എന്നാല്‍, ഇപ്പോള്‍ ബീനയുടെ ജീവിതം അത്ര സുഖകരമല്ല. കഷ്ടപ്പെട്ട് നേടിയ വീട്ടില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടേണ്ടി വന്നു. സ്വന്തം അനിയത്തിയിൽ നിന്നും ഭർത്താവിൽ നിന്നും അനുഭവിച്ച പീഡനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബീന തുറന്ന് പറഞ്ഞു. ‘പതിനെട്ടാം വയസ്സില്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. കഷ്ടപ്പെട്ട് എല്ലാവരെയും പഠിപ്പ് ഒരുവിധമാക്കി.വീടില്ല എന്ന് പറഞ്ഞപ്പോള്‍, ഇടവേള ബാബു ഇടപെട്ട് അമ്മ സംഘടനയുടെ പേരിലാണ് വീടു വച്ചു തന്നത്.

മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കില്‍ വീടുവച്ചു തരാം എന്ന് പറഞ്ഞു. സഹോദരനോട് പറഞ്ഞപ്പോള്‍, മൂന്ന് സെന്റ് സ്ഥലം ബീനയുടെ പേരില്‍ പ്രമാണം ചെയ്തു കൊടുത്തു. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന അനിയത്തിയോട് പാവം തോന്നിയ ബീന, തനിക്കൊരു സഹായം ആവുമല്ലോ എന്ന് കരുതി കൂടെ കൂട്ടി. എന്നാല്‍ ഇപ്പോള്‍ അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

വീടും സ്ഥലവും അവരുടെ പേരില്‍ എഴുതികൊടുക്കണം എന്ന് പറഞ്ഞ് പീഡിപ്പിക്കുകയാണ്. കഴിക്കാന്‍ ഭക്ഷണമോ മരുന്നോ, ഉടുക്കാന്‍ വസ്ത്രമോ പോലും തരുന്നില്ല. ഒന്ന് രണ്ട് തവണ ആത്മഹത്യയ്ക്കും ശ്രമിച്ചു. രക്ഷയില്ലാതെയാണ് വീടുവിട്ടിറങ്ങിയത് എന്ന് ബീന കുമ്പളങ്ങി പറയുന്നു.

അതേസമയം, കുടുംബ പ്രശ്‌നമായതുകൊണ്ട് ആദ്യം ഇടപെടാന്‍ താൻ മടിച്ചിരുന്നു എന്ന് സീമ ജി നായര്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന് പറഞ്ഞപ്പോഴാണ് ഏറ്റെടുത്തത്. ഇപ്പോള്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രമാണ് ബീനയെ ഏറ്റെടുത്തിരിക്കുന്നത്. അനിയത്തിയേയും കുടുംബത്തെയും അവിടെ നിന്ന് ഒഴിപ്പിച്ചു തരണമെന്ന് ബീന പറയുന്നു. അവർക്കെതിരെ കേസെടുക്കരുതെന്നും ബീന അഭ്യർത്ഥിക്കുന്നു.