മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് നടൻ ധര്‍മജൻ ബോള്‍ഗാട്ടി. പാളയം പിസി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടയിലാണ് സംഭവം. രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാളയം പിസി. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ എന്താണ് പ്രമോഷന് എത്താതിരുന്നതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, മെയ്ൻ സ്ട്രീം ആക്ടേഴ്‌സ് ആരും വന്നിട്ടില്ല എന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. ഇതാണ് താരത്തെ ദേഷ്യം പിടിപ്പിച്ചത്.
read also: എരുമേലിയിൽ റോഡ് ഉപരോധിച്ച് ശബരിമല തീർത്ഥാടകർ
പിന്നെ ഞങ്ങള്‍ ഇവിടെ വെറുതെ ഇരിക്കുന്നതാണോ, ഞങ്ങള്‍ മെയ്ൻ സ്ട്രീം ആക്ടേഴ്‌സ് അല്ലേ. അതെന്ത് വര്‍ത്തമാനമാണ്, എല്ലാ തിരക്കുകളും മാറ്റിവെച്ച് വന്ന ഞങ്ങള്‍ക്ക് പുല്ലു വിലയാണോ? വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’- എന്ന് ധര്‍മജൻ ചോദിച്ചു.
എന്നാല്‍, തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും മെയിൻസ്ട്രീം എന്നു ഉദ്ദേശിച്ചത് കേന്ദ്ര കഥാപാത്രങ്ങളെ ആണെന്നും നിര്‍മാതാവ് ഡോ. സൂരജ് ജോണ്‍ വര്‍ക്കി വിശദീകരിച്ചു.
ധര്‍മജന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാൻ മെയ്ൻസ്ട്രീമില്‍ ഇല്ലാത്ത ആളാണോ, ബിനു അടിമാലിയോ മഞ്ജു പത്രോസോ മെയ്ൻ സ്ട്രീമില്‍ ഇല്ലാത്തവരാണോ? അങ്ങനെ പറയരുത്. അപ്പോള്‍ ഞങ്ങള്‍ ആരായി. ഇവിടെ രാവിലെ മുതല്‍ രാത്രി വരെ വന്ന് ഇരുന്ന് പ്രമോഷൻ ചെയ്യുന്ന ഞങ്ങള്‍ മണ്ടന്മാര്‍. ഈ വരാത്തവര്‍ അപ്പോള്‍ വലിയ ആളുകള്‍ ആണോ? അങ്ങനെ പറയാൻ പാടില്ല. അത് തെറ്റായ പരാമര്‍ശമാണ്. ഈ പോസ്റ്ററില്‍ പടമുള്ള ഒരു സിനിമാ നടനും ഇന്നിവിടെ വന്നില്ല. അത് ഈ സിനിമയോട് ചെയ്യുന്ന നന്ദികേടാണ്. താരങ്ങള്‍ അവരുടെ സിനിമ വിജയിക്കാൻ വേണ്ടി ഒരു ദിവസമെങ്കിലും മുടക്കണം. ഞങ്ങള്‍ വളരെ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചവരാണ്. രാവിലെ തുടങ്ങി ഇവിടെയുണ്ട്. ഞങ്ങള്‍ക്ക് നല്ല പ്രതിഫലം തന്ന സിനിമയാണിത്. അവര്‍ക്ക് തിരക്കുള്ളതുകൊണ്ട് വന്നില്ല. പക്ഷേ ഞങ്ങളെ ഇവിടെ ഇരുത്തിക്കൊണ്ട് മെയ്ൻ സ്ട്രീമിലെ ആളുകള്‍ എന്ന് പറയരുത്. അപ്പോള്‍ ഞങ്ങള്‍ മെയിൻസ്ട്രീമിലെ ആളുകള്‍ അല്ലാതാകുകയും ചെയ്യുന്നത് ശരില്ല. എനിക്ക് തിരക്കുണ്ടെന്നൊക്കെ പറഞ്ഞ് എനിക്കും ഇവിടെ വരാതിരിക്കാം. വന്നവരെ ഇരുത്തിക്കൊണ്ട് വരാത്തവരെ പുകഴ്ത്തി പറയരുതെന്നാണ് ഞാൻ പറഞ്ഞത്.’-ധര്‍മജൻ വ്യക്തമാക്കി
‘ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ സാധാരണ കേന്ദ്ര കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് വെക്കുന്നത്. എല്ലാവരുടെയും വയ്ക്കാൻ സാധിക്കില്ല. സെക്കൻഡ് പോസ്റ്ററില്‍ ഇവരുടെയെല്ലാം പടങ്ങളുണ്ട്. അതില്‍ ധര്‍മജൻ ഭായിക്ക് വിഷമം തോന്നരുത്. ഇതില്‍ അഭിനയിച്ച എല്ലാ അഭിനേതാക്കളെയും വിളിച്ചു. എനിക്കൊരു നാക്കുപിഴ പറ്റിയതാണ്. ‘- ഡോ. സൂരജ് ജോണ്‍ വര്‍ക്കി പറഞ്ഞു.