‘ജാതകദോഷം മാറ്റാൻ ഐശ്വര്യ ആദ്യം മരത്തിനെ വിവാഹം ചെയ്തു, ശാപമോക്ഷം കിട്ടി?’; നടിയുടെ പ്രതികരണം ഇങ്ങനെ


ബോളിവുഡിന്റെ താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരും ഉടൻ ഡിവോഴ്സ് ആകുമെന്നും, ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ പാപ്പരാസികൾ ആഘോഷിക്കുകയാണ്. ഇതിനിടെ, നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് മുമ്പ് ഐശ്വര്യ റായ് ബച്ചനോട് ശാപമോക്ഷം ലഭിക്കുന്നതിനായി ആദ്യം ഒരു മരത്തെ വിവാഹം കഴിക്കാൻ ബച്ചൻ കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്ന കഥയാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

സത്യത്തിൽ ഇത്തരമൊരു ആചാരമുണ്ട്. ജെന്മനക്ഷത്രത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ദോഷങ്ങളുള്ള സ്ത്രീകളും പുരുഷന്മാരുമാണ് ഈ പൂജ ചെയ്യേണ്ടത്. രാഹു-ശുക്രൻ, രാഹു- ബുധൻ, രാഹു-ശനി എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ജാതകത്തിലുണ്ടെങ്കിൽ ഇണയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥ വിവാഹത്തിന് മുമ്പായി വാഴയെ വധുവായും വരനായും കണക്കാക്കി വിവാഹങ്ങൾ നടത്താറുണ്ട്.

ഐശ്വര്യ-അഭിഷേക് വിവാഹ സമയത്ത് ഇത്തരത്തിൽ നിരവധി റൂമറുകൾ പ്രചരിച്ചിരുന്നു. പിന്നീട് എൻഡിഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇതിനോടെല്ലാം ഐശ്വര്യ പ്രതികരിച്ചിരുന്നു. അഭിഷേകുമായുള്ള വിവാഹസമയത്ത് ഒരുപാട് അസംബന്ധ കിംവദന്തികൾ ഉണ്ടായിരുന്നുവെന്ന് അടുത്തിടെ ഐശ്വര്യ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘ചില റൂമറുകൾ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു പലതും. വിദേശ രാജ്യങ്ങളിൽ പോലും അതേക്കുറിച്ച് ചോദ്യങ്ങളുണ്ടായി. മരത്തെ വിവാഹം കഴിച്ചുവെന്ന് തുടങ്ങി പലതും ഉണ്ടായിരുന്നു. അതൊക്കെ വളരെ അനാവശ്യമാണെന്ന് തോന്നി. വിദേശത്തേക്ക് പോയപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. അവിടെ മാധ്യമങ്ങളോട് സംസാരിക്കവെ നിങ്ങൾ മരത്തെ വിവാഹം കഴിച്ചോ, നിങ്ങൾക്ക് ജാതക ദോഷമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വരാൻ തുടങ്ങി. ഇതിനൊക്കെ എങ്ങനെ മറുപടി പറയുമെന്ന് ചിന്തിച്ചു’, നടി പറഞ്ഞു.