‘ആണുങ്ങൾ കള്ള് കുടിച്ചാൽ എനിക്കും കള്ളു കുടിക്കണം’ – അതല്ല തുല്യതയെന്ന് വിജയരാഘവൻ


ഇന്നത്തെ കാലത്തെ പെൺകുട്ടികൾ തുല്യതയുടെ അർത്ഥം തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് നടൻ വിജയരാഘവൻ. പണ്ടൊക്കെ പെണ്‍കുട്ടികള്‍ കാര്‍ ഓടിക്കുന്നതെല്ലാം ഞാന്‍ അടക്കമുള്ളവര്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ കാലം അതല്ലെന്നും താരം പറയുന്നു. എല്ലാ മേഖയിലും തുല്യത വന്നു. പെണ്‍കുട്ടികള്‍ക്ക് ഇമോഷണലി പുരുഷന്മാരെ പോലെ സ്‌ട്രോങ് ആകാന്‍ കഴിയണം. അതാണ് ഞാന്‍ എന്റെ മരുമക്കളോടും പറയാറുള്ളത്. പക്ഷെ ചില പെണ്‍കുട്ടികള്‍ അതിനെ തെറ്റായി മനസ്സിലാക്കുന്നതാണ് പ്രശ്‌നം എന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

‘ആണുങ്ങള്‍ ചെയ്യുന്നത് പോലെ എല്ലാം എനിക്ക് ചെയ്യാം, അവന്‍ കള്ള് കുടിക്കുന്നുണ്ടെങ്കില്‍ എനിക്കും കള്ളു കുടിക്കണം, അവന് സിഗരറ്റ് വലിക്കാമെങ്കില്‍ എനിക്കും സിഗരറ്റ് വലിക്കാം എന്ന രീതിയിലല്ല തുല്യത കൊണ്ടു വരേണ്ടത്. അടിസ്ഥാനപരമായി പുരുഷന്മാരെക്കാള്‍ കഴിവും ബുദ്ധിയും കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുമുള്ള പ്രാപ്തി സ്ത്രീകള്‍ക്കാണ് കൂടുതല്‍. അത് മനസ്സിലാക്കി അത്തരം പ്രവൃത്തികളിലും, ഇമോഷണലിലും ജോലിയിലും എല്ലാം തുല്യത കൊണ്ടുവരണം. അല്ലാതെ തെറ്റായി അതിന് വളച്ചൊടിക്കരുത്.

എന്റെ മൂത്ത മകന്റെ ഭാര്യ ദന്തിസ്റ്റാണ്. വളരെ ഇന്റലിജന്റ് ആയിട്ടുള്ള പഠിക്കാന്‍ മിടുക്കിയായിട്ടുള്ള പെണ്‍കുട്ടിയാണ്. അത് എനിക്ക് ബോധ്യം വന്നപ്പോള്‍ കുറച്ചുകൂടെ നന്നായി പഠിച്ച് ഉയര്‍ച്ചയില്‍ എത്തണം എന്ന് പറഞ്ഞ് അവളെ നിര്‍ബന്ധിച്ച് യുകെയിലേക്ക് വിട്ടത് ഞാനാണ്. അതിന് ശേഷം മകനും, മക്കളും അങ്ങോട്ടു പോയി. മൂത്ത മകന്‍ പോകുമ്പോള്‍ അവന് ഇവിടെയുള്ള ബിസിനസ് അനിയനെ ഏല്‍പിച്ചു. എന്റെ രണ്ടാമത്തെ മകന്റെ ഭാര്യയാണ് ഇപ്പോള്‍ ആ ബിസിനസ് നോക്കുന്നത്. അവളും ഇന്റലിജന്റ് ആണ്. വളരെ മികച്ച രീതിയില്‍ ബിസിനസ് കൊണ്ടു പോകുന്നുണ്ട്’, വിജയരാഘവന്‍ പറഞ്ഞു.