കൊച്ചി: ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള ലിവ് ഇൻ റിലേഷനും ഇരുവരുടേയും അകൽച്ചയുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇവർ തമ്മിൽ പിരിഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ അമൃത സുരേഷിന്റെ വീഡിയോ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. നടനും മുൻ ഭർത്താവുമായ ബാലയ്ക്കെതിരെ അമൃത സംസാരിക്കുന്നതാണ് വീഡിയോ. ബാല ഉയർത്തിയ ആരോപണങ്ങളിൽ വ്യക്തത വരുത്തുന്ന അമൃതയെ ആണ് വീഡിയോയിൽ കാണാവുന്നത്.
ബാലയുടെ വാക്കുകൾ പച്ചക്കള്ളമാണെന്നാണ് അമൃതയുടെ അഭിഭാഷകർ പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം മകളെ കാണിക്കാൻ കൊണ്ടുചെന്നപ്പോൾ ബാലയാണ് നിബന്ധന തെറ്റിച്ച് മകളെ കാണാൻ വരാതിരുന്നതെന്ന് അമൃത പറയുന്നുണ്ട്. ബാലയ്‌ക്കെതിരെ പോക്സോ കേസ് കൊടുത്തിട്ടുണ്ട് എന്ന് പറയുന്നത് അസംബന്ധം ആണെന്നും അമൃതയുടെ അഭിഭാഷകർ പറയുന്നുണ്ട്.
ഈ വീഡിയോ ആണ് ഇപ്പോൾ ഗോപി സുന്ദർ പങ്കിട്ടിരിക്കുന്നത്. ‘അഭിമാന നിമിഷം ഹാപ്പി ട്രൂ ന്യൂയർ’ എന്ന വരികളോടെയാണ് പോസ്റ്റ്. സാധാരണഗതിയിൽ രൂക്ഷമായ കമന്റ് ബോക്സ് ആക്രമണം നേരിടാറുള്ള ഗോപി സുന്ദർ ഇത്തവണ കമന്റ് ബോക്സ് അടച്ച ശേഷമാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ അമൃതയുടെ വീഡിയോ ഗോപി സുന്ദർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നേരത്തേ ഗോപി സുന്ദറിനെതിരേയും ബാല ആരോപണം ഉന്നയിച്ചിരുന്നു. ഗോപി സുന്ദർ പക്കാ ഫ്രോഡാണെന്നും തന്നെ വഞ്ചിച്ചെന്നുമായിരുന്നു ബാല പറഞ്ഞത്. ‘വളരെ മോശം ക്യാരക്ടറാണ് ഗോപി സുന്ദറിന്റേത്. അയാളൊരു ഫ്രോഡാണ്. അതിലെന്താണ് സംശയം? സത്യമായും വ്യക്തിപരമായ പ്രശ്നം ഉണ്ടായത് കൊണ്ടല്ല പറയുന്നത്. ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും പിന്നെ അയാളെ അംഗീകരിക്കില്ല. നിന്റെ അമ്മ വരെ ചെരുപ്പെടുത്ത് അടിക്കും. ഗോപി സുന്ദറിനെ കുറിച്ച് പലരോടും പോയി ചോദിച്ച് നോക്കൂ, ഗ്രൂപ്പ് ആക്ടിവിറ്റി എന്ന് പറയും. ഇതിനപ്പുറം ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, എന്നായിരുന്നു ബാല പറഞ്ഞത്. ഒരിക്കൽ പോലും ഗോപി സുന്ദർ ഈ ആരോപണങ്ങളോട് പ്രതികരിച്ചിരുന്നില്ല.