നടൻ യാഷിന്‍റെ ജന്മദിനാഘോഷം: ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം


കെജിഎഫ് എന്ന ചിത്രത്തിലൂടെ യുവതയ്ക്കിടയിൽ സ്റ്റാറായ കന്നഡ നടൻ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് ദുരന്തം സംഭവിച്ചത്.

യാഷിന്റെ ജന്മദിനത്തിൽ ബാനറുകൾ സ്ഥാപിക്കുന്നതിനിടെ ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ (19) എന്നിവർക്കാണ് വൈദ്യുതാഘാതമേറ്റത്.

read also:  ഞാന്‍ പോയി പ്രണവ് മോഹൻലാലിനെ കണ്ടു, ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്: വെളിപ്പെടുത്തി ഗായത്രി സുരേഷ്

ഞായറാഴ്ച രാത്രി യാഷിന്റെ ആരാധകർ ഗ്രാമത്തിൽ ഒത്തുകൂടി ജനുവരി 8 ന് നടന്‍റെ 38-ാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി യഷിന്റെ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ചരടില്‍ കെട്ടിയ ബാനര്‍ ഹൈ-ടെൻഷൻ വയർ പോകുന്നത് ശ്രദ്ധിക്കാതെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ബാനർ വൈദ്യുത കമ്പിയിൽ സ്‌പർശിച്ചതോടെ മൂന്ന് ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേർക്കും പരിക്കേറ്റു.

അതേ സമയം, യാഷ് തന്റെ ജന്മദിനം ഇത്തവണ ആഘോഷിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ ആരാധകരെയും കാണില്ലെന്ന് അറിയിച്ചിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് യാഷിന്‍റെ അടുത്ത ചിത്രം.