സുരേഷ് ഗോപിയ്ക്ക് വേണ്ടി 21 പുഷ്പാഞ്ജലി നടത്തി, ചെറുപ്പം മുതലേ ഞങ്ങള്‍ ഇടതുപക്ഷക്കാർ ആയിരുന്നു പക്ഷേ…: ഷിജിത പറയുന്നു


ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും ജനവിധി നേടിയ നടൻ സുരേഷ് ഗോപിക്കായി മാപ്പിള പാട്ടിന്‍റെ ഈണത്തില്‍ ഗാനമെഴുതി പാടി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് തൃശ്ശൂർ സ്വദേശിനി ഷിജിതയും മകള്‍ സുല്‍ഫത്തും. ഇരുവരെയും കേന്ദ്രമന്ത്രി ആയതിനുശേഷം സുരേഷ് ഗോപി അനുമോദിച്ചു. ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ഷിജിത.

താമര വിരിയില്ല എന്നു പറഞ്ഞ് തന്നെ പരിഹസിച്ചവർ ഉണ്ടെന്നും സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം തോന്നുന്നുവെന്നും ഷിജിത പറഞ്ഞു. ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചതിന് കുടുംബത്തില്‍ നിന്നടക്കം അവഹേളനങ്ങള്‍ നേരിടേണ്ടിവന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

read also: ‘നന്മമരം ചമയലാണോ എന്നറിയില്ല, ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല’: ജയസൂര്യയെപ്പറ്റി സംവിധായകൻ

ഷിജിതയുടെ വാക്കുകൾ ഇങ്ങനെ,

‘സുരേഷ് സർ ജയിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇതിലും വലിയ സന്തോഷം ഞങ്ങള്‍ക്ക് ഒന്നുമില്ല. 5 പാട്ടുകളോളം സാറിനു വേണ്ടി എഴുതി ഞാൻ മകളെ കൊണ്ട് പാടിച്ചിട്ടുണ്ട്. എന്നെ ഒരുപാട് പേർ പരിഹസിച്ചു. തളിക്കുളം പഞ്ചായത്തില്‍ ആയിരുന്നു എന്റെ വോട്ട്. അവിടെ വോട്ട് ചെയ്യാൻ എത്തിയപ്പോള്‍ ഞാൻ അറിയാതെ എന്റെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചു. ‘താമര വിരിയിച്ചത് തന്നേ’ എന്നു പറഞ്ഞു കൊണ്ടായിരുന്നു പരിഹാസം. തൃശ്ശൂരില്‍ കലാശക്കൊട്ടിന് ഞാൻ പോയി. താമര വിരിയുമെന്ന് ഞാൻ പറഞ്ഞു.

സുരേഷേട്ടൻ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല. 21 ഭാഗ്യപുഷ്പാഞ്ജലി ഞാൻ സുരേഷ് ഗോപി സാറിന് വേണ്ടി കഴിപ്പിച്ചിരുന്നു. എന്നെ ഒരുപാട് പേർ വെറുക്കപ്പെട്ടവളായി കണ്ടു. എനിക്ക് ഒരു വിഷമവുമില്ല. എനിക്ക് ഒരാളെയും പേടിക്കേണ്ട കാര്യമില്ല. ഇത് വ്യക്തിപരമായ തീരുമാനമാണ്. ചെറുപ്പം മുതലേ ഞങ്ങള്‍ ഇടതുപക്ഷക്കാർ ആയിരുന്നു. സുരേഷേട്ടനെ എനിക്കിഷ്ടമാണ്. അദ്ദേഹം എത്രനാള്‍ ഇതില്‍ പ്രവർത്തിക്കുന്നുവോ, അത്രയും നാള്‍ ഞാനും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും. എല്ലാവരുടെ ഭാഗത്തുനിന്നും എതിർപ്പുകള്‍ ഉണ്ടായി, ഗള്‍ഫില്‍ നിന്ന് വരെ. ഞാൻ അതൊന്നും വിലയ്‌ക്കെടുത്തില്ല’- ഷിജിത പറഞ്ഞു.