‘നന്മമരം ചമയലാണോ എന്നറിയില്ല, ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല’: ജയസൂര്യയെപ്പറ്റി സംവിധായകൻ


നടൻ ജയസൂര്യ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നത് ‘നന്മ മരം’ ചമയുകയാണെന്ന വിമർശനം പലപ്പോഴും ഉയർന്നിട്ടുണ്ട്. ജയസൂര്യയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകൻ രതീഷ് രഘുനന്ദൻ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

മലയാള സിനിമയില്‍ നന്മമരം ചമയുന്ന നടൻ ജയസൂര്യയാണെന്ന രീതിയിലുള്ള പോസ്റ്റിനു താഴെയായി നന്മമരം ചമയുന്നതാണോ എന്നറിയില്ല എന്നു പറഞ്ഞുകൊണ്ട് കൊവിഡ് കാലത്ത് ജയസൂര്യ നല്‍കിയ പണത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് രഘുനന്ദൻ.

read also: ആശുപത്രി ജനറേറ്ററില്‍ നിന്ന് പുക ശ്വസിച്ച 38 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സയിൽ

‘നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. വിജയ് ബാബു നിർമാതാവ്. പ്രീ പ്രൊഡക്ഷൻ തുടങ്ങി ദിവസങ്ങള്‍ക്കകം കൊവിഡും ലോക്ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയേട്ടന്റെ വിളി ”എങ്ങനെ പോകുന്നെടാ കാര്യങ്ങള്‍?”, ഇങ്ങനെയൊക്കെ പോകുന്നുവെന്നു ഞാൻ പറഞ്ഞു.

”ഇത്തിരി പൈസ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട് ട്ടോ”. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓർത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല.’- എന്നാണ് സംവിധായകൻ കമന്റ് ചെയ്‌തിരിക്കുന്നത്.