കണ്ണൂർ: ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ്. കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതി കേസിൽ മുൻ എംഎൽഎ കൂടിയായ എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യംചെയ്യുന്നത്. പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിജിലിൻസ് അറിയിച്ചു.
സെന്റ് ഏയ്ഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നാണ് പരാതി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് കഴിഞ്ഞ ദിവസമാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഡിടിപിസി സെക്രട്ടറിയായിരുന്ന സജി വർഗീസ് ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി തലശ്ശേരി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പദ്ധതിയിൽ വൻ ക്രമക്കേട് നടന്നെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ഉപയോഗിച്ച ഉപകരണങ്ങൾക്ക് ഗുണനിലവാരമില്ലെന്നും പല ഉപകരണങ്ങളും സ്ഥാപിച്ചില്ലെന്നും വിജിലൻസ് കണ്ടെത്തി.
സംഭവത്തിൽ നേരത്തെ വിജിലൻസ് അബ്ദുള്ളക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പദ്ധതിയുടെ കാര്യത്തിൽ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നത്.