പ്രചരിക്കുന്ന വാർത്ത ശരിയല്ല; ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, വ്യാജ വാർത്തകൾ തള്ളി മാല പാർവതി
ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും ലേക്ക്ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. വൈകീട്ട് അഞ്ച് മണിയോടെ വന്ന മെഡിക്കൽ ബുള്ളറ്റിനും ഇതിനൊപ്പം പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ ചലച്ചിത്ര മേഖലയിൽ ഉള്ളവരും വാർത്തകൾ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. നടി മാല പാർവതി തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഇന്നസെന്റിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാർത്തകൾ തള്ളി. “ഇന്നസെൻ്റ് ചേട്ടനെ കുറിച്ച് പ്രചരിക്കുന്ന വാർത്ത ശരിയല്ല. നില ഗുരുതരമാണ്. ലൈഫ് സപ്പോർട്ട് മെഷീൻസിൻ്റെ സഹായമുണ്ട്. പക്ഷേ മരിച്ചു എന്ന് പ്രചരിക്കുന്ന വാർത്ത ഫേക്കാണ്. ഗുരുതരമായ അവസ്ഥയിലാണ് എന്നത് മാത്രമാണ് ശരി.” അവർ പറഞ്ഞു.