സംസ്ഥാനത്ത് 4 ദിവസം കൂടി വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ 10ആം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്‌തിരുന്നു. നിനച്ചിരിക്കാതെ പെയ്‌ത മഴ വിവിധ പ്രദേശങ്ങളിൽ കനത്ത നാശ നഷ്‌ടമാണ് ഉണ്ടാക്കിയത്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റും പ്രദേശത്ത് വീശിയടിച്ചു.
അതേസമയം, മിക്ക ജില്ലകളിലും കടുത്ത ചൂട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടിയ ചൂട് കാസർഗോഡ് പാണത്തൂരിലാണ് രേഖപ്പെടുത്തിയത് (39.5 ഡിഗ്രി സെൽഷ്യസ്).