ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്തു. ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചും രൂപീകരിച്ചു. ഇരുവരും വാദം കേൾക്കുന്ന നാലാം നമ്പർ കോടതിമുറിയിൽ 21–ാം നമ്പർ കേസായാണ് ലാവ്‍ലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പനി ബാധിച്ചു ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ എം.എൽ.ജിഷ്ണു കത്തു നൽകിയിട്ടുണ്ട്.
32 തവണ മാറ്റി വച്ചതിന് ശേഷമാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉൾപ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്.
2017 ഓഗസ്റ്റ് 23നാണ് ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.