ചെങ്ങന്നൂർ: വെള്ളപ്പാച്ചിലിൽ അകപ്പെട്ട് മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിനികൾക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാർ. ചെങ്ങന്നൂർ കൊല്ലകടവ് മുഹമ്മദൻസ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഷമീറ, ആയിഷ എന്നിവർക്കാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ മൂലം പുതുജന്മം ലഭിച്ചത്.
കൊല്ലകടവ് കനാലിൽ കുളിച്ചു കൊണ്ടിരുന്ന രണ്ടു വിദ്യാർത്ഥിനികളും ശക്തമായ വെള്ളപ്പാച്ചിലിൽ കനാലിലൂടെ നിലവിട്ട് ഒഴുകിപ്പോകുകയായിരുന്നു. തൊട്ടടുത്ത് ട്രാൻസ്‌ഫോർമർ മെയിന്റനൻസ് ജോലികൾ ചെയ്തുകൊണ്ടിരുന്ന കെ എസ് ഇ ബി കൊല്ലകടവ് ഇലക്ട്രിക്കൽ സെക്ഷനിലെ വർക്കർമാരായ സുനിൽ, വിജേഷ്, വിനു എന്നിവർ കരച്ചിൽ കേട്ട് ഓടി വന്നപ്പോൾ വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടികളെയാണ് കണ്ടത്. ഒട്ടും സമയം കളയാതെ കനാലിലേക്ക് എടുത്ത് ചാടിയ ഇവർ രണ്ടു വിദ്യാർത്ഥിനികളുടെയും ജീവൻ രക്ഷിച്ചു. അവസരോചിത ഇടപെടലിലൂടെ കുട്ടികളുടെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥർക്ക് നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും നന്ദി അറിയിച്ചു.