അട്ടപ്പാടി മധു വധക്കേസില്‍ വിചാരണക്കോടതി വിധി ഇന്ന്. കൊലപാതകം നടന്ന് അഞ്ച് വർഷം നീണ്ട പ്രതിസന്ധികൾക്കും നാടകീയതകൾക്കും ഒടുവിലാണ് മണ്ണാര്‍ക്കാട് എസ്സി എസ് ടി പ്രത്യേക കോടതി വിധി പുറപ്പെടുവിക്കുക. 2018 ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. 2022 ഏപ്രില്‍ 28നാണ് മണ്ണാര്‍ക്കാട് എസ്സിഎസ്ടി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. കേസില്‍ നൂറ്റി ഇരുപത്തിഏഴ് സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ നൂറ്റി ഒന്നുപേരെ വിസ്തരിച്ചു. എഴുപത്തി ആറുപേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴിനല്‍കി. ഇരുപത്തി നാലുപേര്‍ കൂറുമാറി. രണ്ടുപേര്‍ മരിച്ചു. ഇരുപത്തി നാലുപേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.
സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു മധുവിനെ ആൾക്കൂട്ടം മര്‍ദ്ദിച്ചത്. ഇതിന് ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു. മധുവിന്റെ കൊലപാതകത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് അന്നുയര്‍ന്നത്