തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര പ്രവർത്തകനായിരുന്നു സിദ്ദിഖെന്ന് അദ്ദേഹം പറഞ്ഞു.
മലയാള സിനിമയെ വാണിജ്യ വഴിയിലേക്ക് നടത്തിയ സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. സിദ്ധിഖ് -ലാൽ എന്ന പേരിൽ ഇറങ്ങിയ അഞ്ച് സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്. എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സ്രഷ്ടാക്കളായാണ് സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ,വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങി എല്ലാം മറക്കാനാകാത്ത സിനിമകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുഗ്രഹീത കലാകാരനായിരൂന്ന സിദ്ദിഖിന്റെ നിര്യാണം കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.