കണ്ണൂരിൽ 5 മിനിറ്റ് ഇടവേളയില്‍ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഗ്ലാസുകൾ പൊട്ടി: മൂന്ന് പേർ കസ്റ്റഡിയില്‍
കണ്ണൂർ: കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് 7.11 നും 7.16 നുമാണ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് കല്ലേറ് ഉണ്ടായത്.
കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ പൊട്ടി. മദ്യപിച്ചെത്തിയവരാണ് കല്ലെറിഞ്ഞത് എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ മൂന്ന് പേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. നേത്രാവതി എക്സ്പ്രസ്സിന്റെ എ1 എസി കോച്ചിന് നേരെയായിരുന്നു കല്ലെറിഞ്ഞത്.
കണ്ണൂർ സ്റ്റേഷൻ പിന്നിട്ട ഉടനെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ആർപിഎഫ് അന്വേഷണം ആരംഭിച്ചു. കല്ലേറിൽ എസി കോച്ചിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല.