അപ്പായെ കല്ലെറിഞ്ഞ ആളിന്റെ ഉമ്മയുടെ കയ്യിൽ നിന്നും കെട്ടിവെക്കാനുള്ള പണം: ഇതാണ് രാഹുൽ പറഞ്ഞ സ്‌നേഹത്തിന്റെ കട: ചാണ്ടി
കോട്ടയം: സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നതെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. സി.ഒ.ടി.നസീറിന്റെ മാതാവ് നല്‍കിയ കെട്ടിവെക്കാനുള്ള പണം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍. 2013 ഒക്ടോബര്‍ 27-ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. സി.ഒ.ടി.നസീര്‍ പിന്നീട് ഉമ്മന്‍ചാണ്ടിയോട് ക്ഷമാപണം നടത്തിയിരുന്നു.
‘നമ്മുടെ നാട്ടില്‍ ഏത് തരത്തിലുള്ള രാഷ്ട്രീയം വേണമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. സി.ഒ.ടി.നസീറിനോടും ഉമ്മയോടും പ്രത്യേക സ്‌നേഹവും നന്ദിയുമുണ്ട്. സി.ഒ.ടി.നസീര്‍ വിദേശത്താണ്. ഉമ്മ നേരിട്ട് വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പെട്ടെന്ന് ചില ശാരീരിക ബുമുട്ടുകളുണ്ടായി. വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ച് അവര്‍ സംസാരിച്ചു’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘സ്‌നേഹത്തിന്റെ കട തുടങ്ങണമെന്നാണ് രാജ്യത്തിന്റെ ഭാവി വാഗ്ദാനമായ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. വിദ്വേഷവും വെറുപ്പും വേണ്ട, ആരോടും വൈരാഗ്യവും വേണ്ട എന്ന രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഉമ്മന്‍ചാണ്ടി വേട്ടയാടപ്പെട്ടതുപോലെ മറ്റൊരാളും വേട്ടയാടപ്പെടാന്‍ പാടില്ല.’ ഈ തിരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.