കൊച്ചി: ആരോപണങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ചയും സംവാദവുമാകാമെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിഷയത്തില്‍ 100 ശതമാനം സുതാര്യത വേണമെന്നാണ് ആഗ്രഹം. സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ തൃപ്തിവരാതെ പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ആരോഗ്യകരമായ സംവാദത്തിന് ഇനിയും തയ്യാറാണെന്നുമാണ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘എനിക്കെതിരെ സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ആരോഗ്യപരമായ ഏത് സംവാദവും ചര്‍ച്ചയും ഇനിയും ആകാം. 100% സുതാര്യത ഈ വിഷയത്തില്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തൃപ്തി വരാത്ത പോലെ പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്, അത് അവഗണിക്കാവുന്നതാണ് എന്ന് പലരും പറഞ്ഞെങ്കിലും ഞാന്‍ ഏറെ ബഹുമാനിക്കുന്ന പത്ര മാധ്യമ സ്ഥാപനം ഏതാനും ചില പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്’.
‘മാതൃഭൂമിക്ക് കേരളത്തിലെ പൊതു സമൂഹത്തിനു മുന്‍പില്‍ ഉള്ള വിശ്വാസ്യതയെയും മതിപ്പിനെയും ഞാന്‍ ബഹുമാനിക്കുന്നു. ഈ സാഹചര്യത്തില്‍ മാതൃഭൂമിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി മാതൃഭൂമി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍ അതിനായി ചില വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കട്ടെ. എന്നോടുള്ള മാതൃഭൂമിയുടെ ചോദ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പരസ്യപ്പെടുത്തുക. അതിനുശേഷം ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാതൃഭൂമി ആരെ വേണമെങ്കിലും നിയോഗിക്കുക. വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയും, ഒക്കെയായി ബന്ധപ്പെട്ടതായത് കൊണ്ട് ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎല്‍എയോ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം പറയുന്ന കാര്യങ്ങളില്‍ സത്യസന്ധതയും, യാഥാര്‍ത്ഥ്യവും, വ്യക്തതയും എന്താണ് എന്ന് ഒരുപക്ഷേ മാധ്യമപ്രവര്‍ത്തകരേക്കാള്‍ പറയാന്‍ കഴിയുന്നവരാണ് അവരില്‍ പലരും’.
‘ഈ കാര്യത്തില്‍ ഞാന്‍ മുന്നോട്ടുവയ്ക്കുന്ന പേര് ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായുള്ള എം.എം മണിയുടേതാണ്. ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി മാതൃഭൂമി ചാനലില്‍ തന്നെ ഒരു ചര്‍ച്ചവെക്കാം അപ്പോള്‍ പൊതു സമൂഹത്തിനും അത് കേള്‍ക്കാന്‍ കഴിയുമല്ലോ. സ്ഥലവും സമയവും മാതൃഭൂമിക്ക് തന്നെ നിശ്ചയിക്കാം. ഇതാണ് എനിക്ക് ഇതില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി’.
‘ഒരു കാര്യമേ അവസാനമായി പറയാനുള്ളൂ. കാര്യങ്ങള്‍ക്ക് വ്യക്തത വന്നാലും വീണ്ടും വീണ്ടും പുകമറ സൃഷ്ടിക്കാന്‍ വേണ്ടി മാത്രം ഒരു മാധ്യമ സ്ഥാപനത്തെയോ അതിന്റെ ക്രെഡിബിലിറ്റിയെയോ, അതിലെ ഉന്നത സ്ഥാനങ്ങളെയോ ദയവുചെയ്ത് ദുരുപയോഗം ചെയ്യരുത് എന്നൊരു അഭ്യര്‍ത്ഥന മാത്രം. ഒരിക്കല്‍ കൂടി വിചാരണയ്ക്കായി വരാന്‍ ഞാന്‍ തയ്യാറാണ്’.