ഉദ്യോഗാർത്ഥികൾക്ക് പിഎസ്‌സിയുടെ ആശ്വാസവാർത്ത! എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് ഇനി ഒറ്റ പരീക്ഷ


ഗവൺമെന്റ് സർവീസുകളിലേക്ക് ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവാർത്തയുമായി പിഎസ്‌സി. വരാനിരിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം. ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്, പരീക്ഷകളിലെ ചോദ്യങ്ങളെ തരംതിരിച്ചുള്ള മാർക്ക് സമീകരണം നടത്തുന്നതിലെ പോരായ്മ എന്നിവ പരിഗണിച്ചാണ് ഈ തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടപ്പാക്കുന്നത്.

റാങ്ക് ലിസ്റ്റ് വേഗത്തിൽ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുപിഎസ്‌സി മാതൃകയിൽ പ്രിലിമിനറി, മെയിൻസ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാക്കി പരീക്ഷകൾ നടത്തിയത്. വീണ്ടും ഒറ്റ പരീക്ഷ മാതൃകയിലേക്ക് പോകുന്നതോടെ, കൂടുതൽ ഉദ്യോഗാർത്ഥികൾ ഉള്ള ജില്ലയ്ക്കും, കുറവുള്ള ജില്ലയ്ക്കുമായി ഒരു ദിവസം പരീക്ഷ നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കുക. ഇങ്ങനെ ഓരോ ജില്ലയ്ക്കും പരീക്ഷ നടത്തുന്നതാണ്.

നേരത്തെ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും പിഎസ്‌സി ഒഴിവാക്കിയിരുന്നു. വരാനിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലും പ്രാഥമിക പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയുണ്ട്. 2020 ഡിസംബർ മുതലാണ് പിഎസ്‌സി പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താൻ തീരുമാനിച്ചത്.