സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, അടുത്ത നാല് ദിവസവും മഴ തുടർന്നേക്കും


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ട്.

ഞായറാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലും, തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ വടക്ക് കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുന്നതാണ്. ഇത് നാളെയോടെ ബംഗ്ലാദേശ് തീരത്ത് മൊൻഗ്ലയ്ക്കും ഖേപുപാറയ്ക്കും സമീപത്ത് ചുഴലിക്കാറ്റായി കരയിലേക്ക് പ്രവേശിക്കും.

ഇന്നലെ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് കൊല്ലം വാളകം ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഓടകളിൽ കൂടി വെള്ളം വേണ്ട വിധത്തിൽ ഒഴുകാത്തതിനെ തുടർന്നാണ് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി മാറിയത്. കൂടാതെ, കനത്ത മഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്