തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരേ മണ്‍ചട്ടിയുമായി അടിമാലിയില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായവാഗ്ദാനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഇരുവര്‍ക്കും ഒരുവര്‍ഷത്തെ പെന്‍ഷന്‍ തുക നല്‍കാമെന്ന് കൃഷ്ണകുമാര്‍ ഫോണില്‍ വിളിച്ച് ഇരുവരേയും അറിയിച്ചു.
‘ഈ പ്രായത്തില്‍ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ല. പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണല്ലോ, ഒരു വര്‍ഷത്തെ പെന്‍ഷന്‍ ഞാന്‍ തന്നേക്കാം’, കൃഷ്ണകുമാര്‍ മറിയക്കുട്ടിയോട് പറഞ്ഞു. പലചരക്കുകടയില്‍ സാധനം വാങ്ങിയതിന്റെ പറ്റ് മട്ടാഞ്ചേരിയിലെ വ്യവസായി മുകേഷ് ജെയിന്‍ തീര്‍ത്തു.
ഇതുകൂടാതെ ചട്ടയും മുണ്ടും പലചരക്കു സാധനങ്ങളും നല്‍കി. ‘നിങ്ങളുടെ മക്കളാണ് ഞങ്ങള്‍. ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഭക്ഷണം കഴിച്ചിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’, മുകേഷ് ജെയിന്‍ ഇരുവരോടുമായി പറഞ്ഞു. അതേസമയം, ഇന്ന് നടൻ സുരേഷ് ഗോപി ഇരുവരെയും സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു.