വീണ്ടും ഭക്ഷ്യവിഷബാധ, കായംകുളത്ത് ഷവായി കഴിച്ച ഇരുപതോളം പേർ ആശുപത്രിയിൽ


ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവായി കഴിച്ച 20 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ പൂട്ടിച്ചു. ഇന്നലെ ഉച്ചയോടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായവർ ആശുപത്രിയിൽ എത്താൻ തുടങ്ങി. നിരവധിപ്പേർ സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന സംശയം ഉയർന്നുവന്നത്.

പിന്നാലെ നിരവധിപ്പേർ സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയതോടെ പ്രശ്‌നം സ്ഥിരീകരിക്കുകയായിരുന്നു. മുതുകുളം, കായംകുളം, ഇലിപ്പക്കുളം പ്രദേശത്തുള്ളവരാണ് ഗവ. ആശുപത്രിയിൽ എത്തിയത്. വിവിധ സ്വകാര്യ ആശുപത്രികളിലും പലരും ചികിത്സ തേടിയിട്ടുണ്ട്.

പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാൽ (29), നാസിക് (27), അഫ്സൽ (28), മൻസൂർ (27) തുടങ്ങിയവർ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മൽ (28), കണ്ണനാകുഴി സ്വദേശി അജ്മൽ (27) തുടങ്ങിയവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ കൂടുതൽ പരിശോധന നടക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.