13കാരനെ നിരന്തരം പീഡിപ്പിച്ച ബാഖവിയുടെ പ്രഭാഷണം ഭർത്താവിനെ വഞ്ചിക്കുന്നവർക്കുള്ള ശിക്ഷയും വഴിതെറ്റുന്ന യുവത്വവും


മലപ്പുറം: പതിമൂന്നുകാരനെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ മതപ്രഭാഷകൻ ഷാക്കിർ ബാഖവി എന്നും പ്രസം​ഗിച്ചിരുന്നത് സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിൽ. മലപ്പുറം മമ്പാട് സ്വദേശിയായ ഈ നാൽപത്തൊന്നുകാരന്റെ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഇയാൾ ആൺകുട്ടിയെ നിരന്തരം ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

തന്നെ നിരന്തരമായി പീഡിപ്പിച്ചു എന്നാണ് മതപ്രഭാഷകന് എതിരെ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിർ ബാഖവി പിടിയിലായത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാക്കിർ മതപഠനത്തിന് ശേഷം ബാഖവി ബിരുദം നേടുകയായിരുന്നു. ഇയാൾക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഈ ചാനലിലൂടെ ഇയാളുടെ മതപ്രഭാഷണം പിന്തുടരുന്നത്.

കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് വഴിക്കടവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിലെ ഷാക്കിർ ബാഖവിയുടെ മതപ്രഭാഷണങ്ങൾ വൈറലാണ്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.