കൊല്ലം: വ്യക്തി വൈരാഗ്യത്തെ തുടർന്ന് വയോധികനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിലായി. തഴവ, തെക്കുംമുറി പാക്കരൻ ഉണ്ണി എന്ന പ്രദീപ്(32) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞദിവസമാണ് സംഭവം. തഴവ തെക്കുംമുറി തട്ടക്കാട്ടു കിഴക്കേത്തറയിൽ തുളസീധരൻ(65) നാണ് കുത്തേറ്റത്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് തുളസീധരന്റെ വീട്ടിൽ എത്തിയ പ്രതി തുളസീധരനെ സമീപത്തേക്ക് വിളിച്ച് വരുത്തി അരയിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന്, മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പൊലീസ് പ്രതിയായ പ്രദീപിനെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും നിരവധി കേസുകളിൽ പ്രതിയാണ്. കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, ഷാജിമോൻ, സന്തോഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.