തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്. സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. റുവൈസാണ് സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത്. കഴിയുന്നത്ര നല്‍കാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാന്‍ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു.
പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.
ഇതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലായ ഇവരുടെ ആണ്‍സുഹൃത്ത് ഡോ. റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി. റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണ്‍ പൊലീസ് വിശദമായി പരിശോധിച്ചു. ഫോണ്‍ പരിശോധിച്ചെങ്കിലും വാട്‌സ് ആപ്പ് ചാറ്റുകളും മെസേജുകളും ഡിലിറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു.