വിദേശത്ത് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മൂന്ന്‌ പേരില്‍ നിന്നായി തട്ടിയത് 12 ലക്ഷം: പ്രതി അറസ്റ്റില്‍


തിരുവനന്തപുരം: വിദേശത്ത് പോകാൻ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. കാട്ടാക്കട മലയിൻകീഴ് സ്വദേശിയായ ശിവപ്രസാദ് (37) നെയാണ് പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരിൽ നിന്നായി 12 ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്.

പൊഴിയൂർ മേഖലകളിൽ നിന്നും യുവാക്കളെ കബളിപ്പിച്ച് വിദേശരാജ്യങ്ങളായ ജർമ്മനി, കാനഡ, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ്  തീരദേശ മേഖലകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയത്.

2021 ൽ പൊഴിയൂർ സ്വദേശിയായ വിൽഫ്രഡില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ട് പേരിൽ നിന്നും 12 ലക്ഷത്തോളം രൂപയാണ് ശിവപ്രസാദ് വാങ്ങിയത്. ഇതിന് ശേഷം ശിവപ്രസാദ് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് വിൽഫ്രഡ് പൊഴിയൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ശിവപ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തീരദേശ മേഖലകളിൽ നിന്നും പലരിൽ നിന്നും വിസ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു യുവാക്കളെ കബളിപ്പിച്ചു പണം തട്ടിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. കാഞ്ഞിരംകുളം, വിഴിഞ്ഞം പോലീസ് സ്റ്റേഷനുകളിലും സമാന കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.