ഗവര്‍ണര്‍ക്ക് എതിരെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമരവീര്യത്തെ പിന്തുണച്ചും ഗവര്‍ണറെ ഉപദേശിച്ചും മന്ത്രിപ്പട


തിരുവനന്തപുരം: തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് മന്ത്രിമാര്‍. കരിങ്കൊടി കാട്ടല്‍ ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഗവര്‍ണര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ കുട്ടികളെപ്പോലെ പെരുമാറരുതെന്നും പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണമെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. നവ കേരള സദസിനെതിരെ യുഡിഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ എല്‍ഡിഎഫ്, ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.