സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നയമാണ് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനമെന്നും പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം. ഒരു ഭാഗത്ത് അനാവശ്യ ധൂര്‍ത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ക്ലിഫ് ഹൗസിലെ സിമ്മിങ് പൂള്‍ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണ്’, ഗവര്‍ണര്‍ ആരോപിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. നവകേരള യാത്രയില്‍ പരാതികള്‍ക്ക് പരിഹാരമില്ലെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. എന്താണ് നവകേരള സദസിന്റെ ലക്ഷ്യമെന്ന് ചോദിച്ച ഗവര്‍ണര്‍ പ്രതിസന്ധി കാലത്തും ധൂര്‍ത്തിന് കുറവില്ലെന്ന് ആരോപിച്ചു.

സെനറ്റിലേക്ക് താന്‍ നാമനിര്‍ദ്ദേശം ചെയ്തവരുടെ ലിസ്റ്റ് മുഴുവന്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.