ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു


കോട്ടയം: കോട്ടയത്ത് ബസ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ(47) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മേലുകാവിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരായ വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മേലുകാവ് എസ് എച്ച് രഞ്ജിത്ത് ശ്രീനിവാസ്, ഈരാറ്റുപേട്ട ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.